28.3 C
Kottayam
Friday, May 3, 2024

പകല്‍ ടൈല്‍സ് പണി, വൈകുന്നേരങ്ങളില്‍ വോട്ടു തേടി വീടുകളിലേക്ക്, സന്ധ്യമയങ്ങിയാല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍; വ്യത്യസ്തനായ ഒരു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടാം

Must read

ചേര്‍ത്തല: അന്നം തേടിയുള്ള ടൈല്‍സ് പണിക്കിടെയിലും നൈസാമിന്റെ ചിന്ത എങ്ങനെയെങ്കിലും ഒന്നു വൈകുന്നേരം ആയാല്‍ മതി എന്നാണ്. മറ്റൊന്നിനുമല്ല, പട്ടണക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി നൈസാമും ജനവിധി തേടുന്നുണ്ട്. പണി കഴിഞ്ഞിട്ട് വേണം സമ്മതിദായകരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍. നാലാം വാര്‍ഡിനെയാണ് നൈസാം പ്രതിനിധികരിക്കുന്നത്. മത്സരിക്കുന്നുവെന്ന് കരുതി ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം പ്രചാരണത്തിന് ഇറങ്ങാന്‍ ഈ ചെറുപ്പക്കാരന് സാധിക്കില്ല. തന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വാപ്പയും ഉമ്മയും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബം പട്ടിണിയാകും അതുതന്നെയാണ് കാര്യം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ സ്വതന്ത്രനായാണ് തറയില്‍ കുഞ്ഞുമോന്റേയും ആമിനയുടേയും മകനായ ടി.കെ നൈസാമെന്ന 30കാരന്‍ നാലാം വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത്. കൂലിപ്പണി ചെയ്ത് കിട്ടുന്ന പണത്തില്‍ നിന്ന് കുടുംബ ചിലവ് കഴിച്ചിട്ട് മിച്ചമുള്ള പണത്തില്‍ നിന്ന് വേണം പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍. പോസ്റ്റര്‍ ഒട്ടിക്കുന്നതും സ്ഥാനാര്‍ത്ഥി തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.

മത്സരിക്കുന്ന വാര്‍ഡില്‍ തന്നെ ഉള്‍പ്പെടുന്ന ഗിരിജന്‍ കോളനിയിലാണ് നൈസാമിന്റെ വീട്. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വേണ്ടത്ര നേട്ടങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് നൈസാം ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ പറയുന്നു. അങ്ങനെയാണ് ഇക്കുറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന തീരുമാനത്തില്‍ നൈസാം എത്തിയത്. വൈകുന്നേരം വരെ ജോലി ചെയ്ത ശേഷം വീട്ടിലെത്തി ഒരു കുളിയും പാസാക്കി ശേഷമുള്ള സമയത്താണ് നൈസാമിന്റെ വോട്ടു പിടിത്തം. വാര്‍ഡില്‍ ഒട്ടുമിക്ക വീട്ടുകാര്‍ക്കും നൈസാം സുപരിചതനാണ്. നാട്ടുകാര്‍ക്ക് എന്ത് ആവശ്യം വന്നാലും രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കാതെ ഏത് സമയത്തും ഈ ചെറുപ്പക്കാരന്‍ മുന്‍പന്തിയില്‍ തന്നെ കാണും.

ഇതെക്കെയാണെങ്കിലും വിജയിക്കണമെങ്കില്‍ നൈസാമിന് കടമ്പകള്‍ ഏറെ കടക്കണം. നാളുകളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന വാര്‍ഡ് കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പമാണ് നിന്നത്. ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാകട്ടെ സി.പി.ഐ ജില്ലാ കമ്മറ്റി അംഗം കെ.ജി പ്രിയദര്‍ശനാണ്. യു.ഡി.എഫിലാകട്ടെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും മണ്ഡലം കമ്മറ്റി അംഗവുമായി എ.ആര്‍ ഷാജിയാണ് സ്ഥാനാര്‍ത്ഥി. പ്രായം കൊണ്ടും പ്രവര്‍ത്തന മണ്ഡലം കൊണ്ടും നൈസാമിനേക്കാള്‍ മുന്നിലാണ് ഇരുവരും. കൂടാതെ കഴിഞ്ഞ തവണ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ പ്രതിനിധീകരിച്ച എം.എസ് സുമേഷും എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. ഇവരെയൊക്കെ പിന്തള്ളിയാലേ നൈസാമിന് തന്റെ ലക്ഷ്യം കൈവരിക്കാനാകൂ.

‘മാറി ചിന്തിച്ചാല്‍ മാറ്റം സൃഷ്ടിക്കാം’ എന്നതാണ് നൈസാമിന്റെ തെരഞ്ഞെടുപ്പ് പരസ്യവാചകം. ഫുട്‌ബോളാണ് നൈസാമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച് നല്‍കിയിരിക്കുന്ന ചിഹ്നം. കക്ഷി രാഷ്ട്രീയ ഭേദമന്യേ വാര്‍ഡില്‍ പരാമാവധി വികസനം കൊണ്ടുവരുകയെന്നതാണ് ലക്ഷ്യമെന്ന് നൈസാം പറയുന്നു. ഇതിനായി തനിക്ക് വോട്ടു നല്‍കി വിജയിപ്പിച്ചാല്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് മാത്രമേ നൈസാമിന് വോട്ടര്‍മര്‍ക്ക് നല്‍കാനുള്ളൂ. നാസിലയാണ് നൈസാമിന്റെ ഭാര്യ. ഏകമകന്‍ ഫൈസാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week