24.6 C
Kottayam
Monday, May 20, 2024

പൂജ്യരായി ബട്‌ലറും സഞ്ജുവും;അവസാന പന്തിൽ രാജസ്ഥാൻ വീണു

Must read

ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒരു റണ്ണിന്റെ ആവേശ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റെടുക്കുകയും അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുകയും ചെയ്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പി.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ 15 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ഭുവി ഹൈദരാബാദിന് ജയം സമ്മാനിച്ചത്. സീസണില്‍ രാജസ്ഥാന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി.

ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോസ് ബട്ട്‌ലറും (0), അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും (0) പൂജ്യരായി പുറത്ത്. എന്നാല്‍ ഹൈദരാബാദ് മത്സരത്തില്‍ ആധിപത്യം നേടുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍ – പരാഗ് സഖ്യം തകര്‍പ്പന്‍ ബാറ്റിങ്ങുമായി കളംനിറഞ്ഞത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 134 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്.

മത്സരം രാജസ്ഥാന്റെ വരുതിയില്‍ നില്‍ക്കേ 14-ാം ഓവറില്‍ ജയ്‌സ്വാളിനെ മടക്കി നടരാജന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 40 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പരാഗിനെയും വീഴ്ത്തി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മത്സരം ആവേശകരമാക്കി. 49 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 77 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഐപിഎല്ലില്‍ 1000 റണ്‍സ് തികയ്ക്കാനും താരത്തിനായി.

പിന്നാലെ ഷിംറോണ്‍ ഹെറ്റ്മയര്‍ (13), ധ്രുവ് ജുറെല്‍ (1) എന്നിവരെ മടക്കി ഹൈദരാബാദ് മത്സരം കടുപ്പമാക്കി. എന്നാല്‍ പവല്‍ ക്രീസിലുണ്ടായിരുന്നത് രാജസ്ഥാന് ആശ്വാസമായിരുന്നു. കമ്മിന്‍സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്ത് സിക്‌സറിന് പറത്തി പവല്‍ അവസാന ഓവറില്‍ ലക്ഷ്യം 13 റണ്‍സാക്കി ചുരുക്കുകയും ചെയ്തു. പക്ഷേ അവസാന ഓവറില്‍ ഒരു ബൗണ്ടറി മാത്രമേ പവലിന് കണ്ടെത്താനായുള്ളൂ. ഇരട്ട റണ്ണുകള്‍ നേടി ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും അവസാന പന്തില്‍ താരത്തിന് പിഴച്ചു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ തന്നെയാണ് ഹൈദരാബാദിന്റെ ജയമുറപ്പിച്ചത്. കമ്മിന്‍സും നടരാജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിരുന്നു. തുടക്കത്തില്‍ രാജസ്ഥാന്‍ ബൗളിങ്ങിനു മുന്നില്‍ പതറിയ ഹൈദാരാബാദിനെ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഹെഡ് – നിതീഷ് കുമാര്‍ സഖ്യമാണ് കരകയറ്റിയത്. നിതീഷ് കുമാറായിരുന്നു കൂടുതല്‍ അപകടകാരി. വെറും 42 പന്തില്‍ നിന്ന് എട്ടു സിക്സും മൂന്ന് ഫോറുമടക്കം 76 റണ്‍സോടെ നിതീഷ് പുറത്താകാതെ നിന്നു. 44 പന്തുകള്‍ നേരിട്ട ഹെഡ് മൂന്ന് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു.

ടോസ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞതിനു പിന്നാലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ആരവമായിരുന്നു. എന്നാല്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ തുടക്കത്തില്‍ രാജസ്ഥാന്‍ നിശബ്ദരാക്കി.

അപകടകാരിയായ അഭിഷേക് ശര്‍മയെ (12) അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ആവേശ് ഖാന്‍ മടക്കി. തൊട്ടടുത്ത ഓവറില്‍ അന്‍മോല്‍പ്രീത് സിങ്ങും (5) പുറത്ത്. ട്രാവിസ് ഹെഡിനെ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിലയ്ക്കുനിര്‍ത്തിയതോടെ പവര്‍പ്ലേയില്‍ വെടിക്കെട്ട് വീരന്‍മാരായ ഹൈദരാബാദിന് നേടാനായത് 37 റണ്‍സ് മാത്രം.

പക്ഷേ നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു. ഒപ്പം ഹെഡും നിലയുറപ്പിച്ചതോടെ ഹൈദരാബാദ് സ്‌കോര്‍ കുതിച്ചു. മൂന്നാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്ത ഈ സഖ്യം ഒടുവില്‍ 15-ാം ഓവറിലാണ് രാജസ്ഥാന് പിരിക്കാനായത്. ഓവറിലെ നാലാം പന്തില്‍ ഹെഡിനെ ആവേശ് ഖാന്‍ മടക്കി.

ഇതിന് തൊട്ടുമുമ്പത്തെ പന്തില്‍ ഹെഡിനെതിരായ റണ്ണൗട്ട് അപ്പീല്‍ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത് വിവാദമാകേണ്ടതായിരുന്നു. റീപ്ലേകളില്‍ സഞ്ജു സാംസന്റെ ത്രോ ബെയ്ല്‍സിളക്കുമ്പോള്‍ ഹെഡിന്റെ ബാറ്റ് വായുവിലാണെന്ന സംശയം ഉയര്‍ന്നിരുന്നു. എങ്കിലും തൊട്ടടുത്ത പന്തില്‍ തന്നെ ഹെഡിനെ പുറത്താക്കാന്‍ രാജസ്ഥാനായി.

പിന്നാലെ അഞ്ചാമനായി ഹെന്‍ റിച്ച് ക്ലാസന്‍ എത്തിയതോടെ പതിവുപോലെ വമ്പന്‍ ഷോട്ടുകള്‍ പിറന്നു. ക്ലാസന്‍ – നിതീഷ് സഖ്യം നാലാം വിക്കറ്റില്‍ 32 പന്തില്‍ നിന്ന് 70 റണ്‍സ് ചേര്‍ത്തതോടെ ഹൈദരാബാദ് സ്‌കോര്‍ 201-ല്‍ എത്തി. ക്ലാസന്‍ വെറും 19 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു.

രാജസ്ഥാന്‍ നിരയില്‍ ആവേശ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങിയ യുസ്വേന്ദ്ര ചെഹലാണ് നന്നായി തല്ലുവാങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week