25.2 C
Kottayam
Sunday, May 19, 2024

അമേഠിയിൽ രാഹുൽ ?വെള്ളിയാഴ്ച റോഡ് ഷോ; പോസ്റ്ററുകൾ എത്തിച്ചു തുടങ്ങി

Must read

ന്യൂഡൽഹി: ഉത്തര്‍ പ്രദേശിലെ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാഹുലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വൻ റോഡ് ഷോ ഉണ്ടാകുമെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം നാമനിർദേശപത്രിക സമർപ്പണം ഉണ്ടായേക്കും. ഇതിനായി ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. രാഹുലിന്റെയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയുമടക്കമുള്ളവരുടെ ചിത്രങ്ങളടങ്ങിയ ബോർഡുകളും പോസ്റ്ററുകളും അമേഠിയിലെ ​ഗൗരിഗഞ്ചിലുള്ള പാർട്ടി ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

അതേസമയം റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ അനിശ്ചതത്വം തുടരുകയാണ്. പ്രിയങ്കാ ഗാന്ധി, റായ് ബറേലിയിൽനിന്ന് മത്സരിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൽ നിന്നുയർന്ന ആവശ്യം. എന്നാൽ ഇതിന് പ്രിയങ്ക തയ്യാറായിട്ടില്ല. പകരം പ്രചാരണരംഗത്ത് സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം.

അമേഠിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു തുടക്കം മുതൽ രാഹുൽ. എന്നാൽ രാഹുലിന് വേണ്ടി പാർട്ടിയിൽനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ രാഹുലിന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് പാർട്ടി ഓഫീസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒപ്പം, സമാജ് വാദി പാർട്ടിയുടെ ഭാഗത്ത് നിന്നും കോൺഗ്രസിന് സമ്മർദ്ദമുണ്ടായിരുന്നു. കനൗജിൽ അഖിലേഷ് യാദവ് മത്സരിക്കണമെന്ന കടുത്ത നിലപാട് എടുത്തത് രാഹുലാണ്. തന്റെ ഒപ്പം രാഹുലും ഉണ്ടാകണമെന്നാണ് അഖിലേഷിന്റെ ആഗ്രഹം.

‘ഉത്തർപ്രദേശിൽ നിങ്ങൾക്ക് കടുത്ത മത്സരം കാണാൻ സാധിക്കും’ എന്നായിരുന്നു നേരത്തെ അഖിലേഷ് യാദവ് പറഞ്ഞത്. അഖിലേഷിന്റെ അനന്തരവനെയായിരുന്നു ആദ്യം കനൗജിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തിയാണ് അഖിലേഷ് തന്നെ നേരിട്ടിറങ്ങിയത്. തന്റെ കൂടെ രാഹുലും ഉണ്ടെങ്കിൽ ഉത്തർപ്രദേശിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് അഖിലേഷ്.

അതുകൊണ്ട് തന്നെ രാഹുലിന് അമേഠിയിൽ നിന്നൊഴിഞ്ഞു മാറാനാകില്ല. വെള്ളിയാഴ്ചയാണ് അമേഠി, റായ്ബറേലി അടക്കമുള്ളിടങ്ങളിൽ സ്ഥാനാർഥി പത്രിക നൽകുന്നതിനുള്ള അവസാന തീയതി. അമേഠിയിൽ ബി.ജെ.പി. സ്ഥാനാർഥി സ്മൃതി ഇറാനി ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week