30 C
Kottayam
Friday, May 17, 2024

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ മുതല്‍

Must read

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച സ്വകാര്യ ട്രെയിന്‍ സംവിധാനം ഇപ്പോഴിതാ കേരളത്തിലേക്കും. ജൂണ്‍ മാസം 4ാം തീയതി ട്രെയിനിന്റെ കന്നി സര്‍വീസും പ്രഖ്യാപിച്ച് കഴിഞ്ഞു. വിനോദസഞ്ചാരികള്‍ക്കായിട്ടാണ് സ്വകാര്യ ട്രെയിന്‍ അവതരിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍സ് ആണ് ടൂര്‍ സര്‍വീസിന് പിന്നില്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ യാത്ര ഗോവയിലേക്കാണ്, ഇതിന് പുറമേ മുംബയ്, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്.

ചെന്നൈ ആസ്ഥാനമായ എസ്.ആര്‍.എം.പി.ആര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രിന്‍സി ട്രാവല്‍സ് ടൂര്‍ പാക്കേജ് ഒരുക്കുന്നത്. ഒരേസമയം 750 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ 2 സ്ലീപ്പര്‍ ക്ലാസ്, 11 തേര്‍ഡ് എ.സി, 2 സെക്കന്‍ഡ് എ.സി കംപാര്‍ട്ടുമെന്റ് സൗകര്യങ്ങള്‍ ഉണ്ടാകും. മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 60 ജീവനക്കാരും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള പാക്കേജിന്റെ ഭാഗമായി ട്രെയിനിലുണ്ടാകും.

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് കയറാന്‍ കഴിയും. എന്നാല്‍ ടൂര്‍ പാക്കേജിന്റെ ഭാഗമായി ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. സി.സി.ടി.വി, ജി.പി.എസ് ട്രാക്കിംഗ്, വൈ-ഫൈ, ഭക്ഷണം, വൃത്തിയുള്ള ടോയ്ലറ്റുകള്‍ എന്നിവ ട്രെയിനിന്റെ പ്രത്യേകതകളാണ്.

ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലെ താമസം ഉള്‍പ്പെടെ നാലുദിവസത്തെ ഗോവന്‍ യാത്രയ്ക്ക് സെക്കന്‍ഡ് എ.സിയില്‍ 16,400 രൂപയാണ് നിരക്ക്. തേഡ് എ.സിയില്‍ 15,150 രൂപയും നോണ്‍ എ.സി സ്ലീപ്പറില്‍ 13,999 രുപയുമാണ് ഈടാക്കുന്നത്. 8 ദിവസം നീണ്ടുനില്‍ക്കുന്ന അയോദ്ധ്യ യാത്രയുടെ പാക്കേജ് 37,150, 33,850, 30,550 രൂപ എന്നിങ്ങനെയാണ്.

അയോദ്ധ്യ, വാരാണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനും ഗംഗാആരതി കാണാനുമുള്ള സൗകര്യവും പാക്കേജിലുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണമായിരിക്കും ഈ യാത്രയില്‍ ഒരുക്കുന്നത്. മുംബയ് യാത്രയ്ക്ക് 18,825, 16,920 15,050 രൂപ വീതമാണ് നിരക്ക്. ജൂണ്‍ മുതല്‍ എല്ലാ മാസവും ഓരോ ട്രിപ്പ് വീതമാകും സ്വകാര്യ ട്രെയിന്‍ നടത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week