മായയും ബോബിയും റൂബിയും കാബൂളില്‍ നിന്നും തിരിച്ചെത്തി
ന്യൂഡൽഹി: മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സംഘർഷഭൂമിയിൽനിന്ന് തിരിച്ച് എത്തിയിരിക്കുകയാണ് മായയും ബോബിയും റൂബിയും. ഐ.ടി.ബി.പിയുടെ ശ്വാന സേനാംഗങ്ങളായിരുന്നു ഇവർ. കാബൂളിലെ ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതലയിൽ ആയിരുന്നു ഇതുവരെ.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിൽ എത്തിയത്. ഐ.ടി.ബി.പിയുടെ ചാവ്ലാ ക്യാമ്പിലാണ് മൂന്നുപേരും ഉള്ളത്. ജന്മനാട്ടിലെ മണവും കാഴ്ചകളും ശബ്ദവുമെല്ലാം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദം മൂന്നുപേരിലും പ്രകടാമാണെന്ന് ഇവരുടെ പരിശീലകർ പറയുന്നു.
മൂന്ന് വർഷം മുമ്പാണ് മൂവരേയും കാബൂളിലേക്ക് കൊണ്ടുപോയത്. സ്ഫോടക വസ്തുക്കൾ മണത്തറിയാനുള്ള കഴിവാണ് ഇവരെ കാബൂളിലെത്തിച്ചത്. ഹരിയാനയിലെ ശ്വാനസേനാ പരിശീല കേന്ദ്രത്തിൽ നിന്നും പ്രത്യേക പരിശീലനം നൽകിയാണ് ഇവരെ കാബൂളിലേക്ക് അയച്ചത്
ഭീകരവാദികൾ സ്ഫോടനം ഉണ്ടാക്കാനായി മറ്റുവസ്തുക്കൾക്കൊപ്പം സ്ഫോടകവസ്തുക്കൾ അയക്കുന്നത് പതിവായതിനാൽ മൂന്ന് പേരും തിരക്കുപിടിച്ച ജോലികളിലായിരുന്നെന്ന് ഇവരുടെ ചുമതലയുള്ള ഹെഡ് കോൺസ്റ്റബിൾമാരായ കിഷൻ കുമാർ, ബ്രിജേന്ദർ സിംഗ്, അതുൽ കുമാർ എന്നിവർ പറഞ്ഞു. മൂന്ന് കൊല്ലത്തിനിടെ നിരവധി സ്ഫോടക വസ്തുക്കൾ മായയും ബോബിയും റൂബിയും കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടേയും എംബസിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻമ്മാരുടേയും ജീവൻരക്ഷിക്കുന്നതിൽ മൂന്നുപേരും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ഐ.ടി.ബി.പി ഉദ്യോഗസ്ഥർ പറഞ്ഞു.