തിരുവനന്തപുരം: മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിലാണ് മഴ പെയ്തതോടെ ചോര്‍ച്ച. സെക്കന്റ് എ സി കോച്ചുകളില്‍ അടക്കം വെള്ളം കയറിയെന്നാണ് വിവരം. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ട്രെയിന്‍ മംഗലാപുരം വിട്ട് കാസര്‍ഗോഡ് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിന്‍ ചോര്‍ന്നൊലിക്കുകയായിരുന്നു. വൈദ്യുത പ്രവാഹം എല്‍ക്കുമോ എന്ന ഭയത്താലാണ് യാത്ര ചെയ്തിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിനിനകത്ത് വെള്ളപ്പൊക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തില്‍ കയറി ഇരുന്നാണ് യാത്രക്കാള്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്.
സീറ്റിനടിയില്‍ സൂക്ഷിച്ച ബാഗുകളും മറ്റും വെള്ളത്തില്‍ മുങ്ങി. കനത്ത മഴ പെയ്തപ്പോഴാണ് വെള്ളം ഒലിച്ചിറങ്ങാന്‍ തുടങ്ങിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. മംഗലാപുരത്തേക്ക് തിരിച്ചുപോയ ട്രെയിനിനും ചോര്‍ച്ച ഉണ്ടായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. കണ്ണൂര്‍ എത്തും മുമ്പ് സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ മഴ വെള്ളം ചോര്‍ന്നൊലിക്കുകയായിരുന്നു.
അതേസമയം, മലബാറിലെ യാത്രക്കാരോട് റെയില്‍വെയ്ക്ക് അവഗണനയാണെന്ന വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. വൈകുന്നേരത്തിന് ശേഷം മലബാര്‍ മേഖലയിലേക്ക് മൂന്ന് ട്രെയിനുകള്‍ മാത്രാമാണുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ട്രെയിനുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ പോലും മാസങ്ങള്‍ക്ക് മുന്നേ കഴിയുന്ന അവസ്ഥയാണെന്നും യാത്രക്കാര്‍ പറയുന്നു. വര്‍ഷങ്ങളായി ഇതേ അവസ്ഥയാണെന്നാണ് യാത്രക്കാരുടെ പരാതി.