മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്ന് നിലംപൊത്തും
കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കൂടി ഇന്നു തകര്‍ക്കും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഇന്നു പൊളിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്‌ഫോടനം നിശ്ചയിച്ചിരിക്കുന്നത്. 372.8 കിലോ സ്‌ഫോടക വസ്തുവാണ് പൊളിക്കലിനായി ഉപയോഗിക്കുന്നത്. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും. ഗോള്‍ഡന്‍ കായലോരത്തിനും 51 മീറ്ററാണ് ഉയരം. 16 നിലകള്‍. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്‌ഫോടനം. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തും. രണ്ടു കെട്ടിടങ്ങളില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രമാണ് കായലിലേക്ക് ദൂരം. കെട്ടിടത്തിന്റെ അവശിഷ്ടം കായലിലേക്ക് വീഴാത്തവിധമായിരിക്കും കെട്ടിടം തകര്‍ക്കുകയെന്നു പൊളിക്കല്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫസ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് രണ്ടായി വീഴ്ത്തും. ചെരിച്ച് നിലത്തേക്ക് ഇരുത്തുന്ന തരത്തിലാണ് സ്‌ഫോടനം പ്ലാന്‍ ചെയ്തിരിക്കുന്നത്. ജയിന്‍ ഫ്‌ളാറ്റില്‍ കിഴക്കുനിന്നു പടിഞ്ഞാറോട്ടാണ് സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനം നടക്കുന്നത് രണ്ട് മണിക്കൂര്‍ മുമ്പ് പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളെ ഒഴിപ്പിക്കും. ഇവര്‍ക്ക് എസ്എച്ച് കോളജ് തേവര, ഫിഷറീസ് കോളജ് പനങ്ങാട് എന്നിവിടങ്ങളില്‍ താല്‍കാലികമായി സൗകര്യമൊരുക്കിയിട്ടുണ്ട്.
ജെയിന്‍ കോറല്‍ കോവ് പൊളിക്കുന്നതിനോടനുബന്ധിച്ച് രാവിലെ 10.30ന് ഫ്‌ളാറ്റിന് സമീപത്തുള്ള എല്ലാ ചെറിയ വഴികളിലൂടെയുമുള്ള ഗതാഗതം നിരോധിക്കും. 10.55ന് പൊളിക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് സൈറന്‍ മുഴങ്ങും. 11ന് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റ് സമുച്ചയം സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 11.30ന് എല്ലാ ചെറിയവഴികളും ഗതാഗതത്തിനായി തുറക്കും. സമീപവാസികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിന്റെ ഭാഗമായി 1.30ഓടെ പ്രദേശത്തെ എല്ലാ ചെറിയ റോഡുകളും അടയ്ക്കും. തുടര്‍ന്ന് 1.55ന് ദേശീയപാത അടയ്ക്കുന്നതിന് വേണ്ടിയുള്ള സൈറന്‍ മുഴങ്ങും. രണ്ടിന് ഗോള്‍ഡന്‍ കായലോരം സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 2.30ഓടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കും.