26 C
Kottayam
Monday, May 13, 2024

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു,ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം; അന്വേഷണം

Must read

ആലപ്പുഴ: പ്രസവത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ യുവതി മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രിയുടെ ഓഫീസ് ഇന്ന് അറിയിച്ചിരിക്കുന്നത്.

പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് യുവതി മരണപ്പെട്ടത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ഷിബിനയുടെ മരണം. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ മെഡിക്കൽ കോളേജിൽ വച്ച നടന്ന പ്രസവത്തെ തുടർന്നായിരുന്നു ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് യുവതിയുടെ കരളിനെയടക്കം ബാധിച്ചിരുന്നു.

ഇന്ന് ഉച്ചയോടെ ആയിരുന്നു യുവതി മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്നു ഷിബിന. നേരത്തെ തന്നെ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായതായി ആരോപിച്ചുകൊണ്ട് ഷിബിനയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഇവർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ് ആശുപത്രി അധികൃതർ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് അവർ പറയുന്നത്. ഷിബിന മരണപ്പെട്ടത് മരണം ഹൃദയഘാതം മൂലമാണെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം.

പ്രസവത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുൻപ് യുവതിക്ക് യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നുവെന്നും പ്രസവശേഷം ഈ അണുബാധ വർധിച്ചുവെന്നുമാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഈ അണുബാധ ആന്തരിക അവയവങ്ങളെ ഉൾപ്പെടെ ബാധിച്ചുവെന്നാണ് അവർ പറയുന്നത്.

ഒരാഴ്‌ച മുൻപ് യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെവെച്ചാണ് ഇവർക്ക് ആദ്യ ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് വീണ്ടും ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇന്ന് ഉച്ചയോടെ രണ്ടാമതും ഹൃദയാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

എന്നാൽ ചികിത്സാപ്പിഴവ് എന്ന ആരോപണത്തിൽ കുടുംബം ഉറച്ചു നിന്നതോടെയാണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. മുപ്പത്തിയൊന്ന് വയസ് മാത്രമാണ് മരണപ്പെട്ട ഷിബിനയുടെ പ്രായം. പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യയാണ് ഷിബിന. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week