30 C
Kottayam
Monday, May 13, 2024

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്നാണ് എന്നോട് ആദ്യം ചോദിച്ചത്’; കെഎസ്ആർടിസി ഡ്രൈവറുടെ പ്രതികരണം

Must read

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് വട്ടം വച്ച് നടുറോഡിൽ മേയറും ബസ് ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വിവാദം കൊഴുക്കുന്നതിനിടെ പ്രതികരിച്ച് ബസ് ഡ്രൈവറായ യദു.ഇന്നലെ രാത്രി പത്ത് മണിയോടെ നടന്ന സംഭവത്തിൽ ആര്യ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ യദു പ്രതികരണവുമായി രംഗത്തെത്തിയത്.

കാറിൽ നിന്ന് രണ്ട് ചെറുപ്പക്കാരാണ് ആദ്യം ഇറങ്ങി വന്നതെന്നും അവർ റോഡ് എന്റെ അച്ഛന്റെ വകയാണോ എന്നായിരുന്നു ചോദിച്ചതെന്നും യദു പറഞ്ഞു. തിരിച്ച് താനും അത് തന്നെ ചോദിച്ചുവെന്ന് പറഞ്ഞ അദ്ദേഹം മേയർ ആര്യ രാജേന്ദ്രനെയോ ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെയോ കണ്ട് പരിചയമില്ലെന്നും പറഞ്ഞു.

‘പത്ത് മണിയായിക്കാണും ഞാൻ പട്ടത്ത് ആളെ വിട്ട് വണ്ടി മുന്നോട്ട് എടുക്കുമ്പോഴേക്ക് വലത് സൈഡിൽ കൂടി ഒരു വണ്ടി ഭയങ്കര ഹോണടിയായിരുന്നു. കയറി പോവാൻ സ്ഥലം ഉണ്ടായിരുന്നില്ല. പിന്നെ പ്ലാമൂട് ജംക്ഷൻ എത്തിയപ്പോൾ ഞാൻ ഒതുക്കി കൊടുത്തു. അപ്പോൾ ഈ വണ്ടി പെട്ടെന്ന് മുൻപിൽ നിൻ ബ്രേക്ക് ചവിട്ടി പതിയെ പോവാൻ തുടങ്ങി’ യദു പറയുന്നു.

‘പിന്നെയും ഞാൻ ആ വാഹനത്തെ ഓവർടേക്ക് ചെയ്‌തു മുൻപിൽ കയറി. പിന്നിൽ നിന്ന് വീണ്ടും ഹോണടിയായിരുന്നു. ഒടുവിൽ പാളയത്തെ ആളെ ഇറക്കി മുന്നോട്ട് പോയപ്പോൾ റെഡ് സിഗ്നൽ തെളിഞ്ഞതോടെ ഞാൻ വണ്ടി നിർത്തി. അപ്പോഴാണ് ഈ കാർ വന്ന് എന്റെ ബസിന്റെ മുൻപിൽ കുറുകെ ഇട്ടത്. ആദ്യം രണ്ട് ചെറുപ്പക്കാരാണ് ചാടിയിറങ്ങിയത്’ യദു പറഞ്ഞു.

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു അവരുടെ വരവ്, ഞാനും തിരിച്ചു നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു. അപ്പോഴേക്ക് വേറൊരു മുണ്ടുടുത്ത ആള് വന്ന് ഞാൻ എംഎൽഎയാണ് നിനക്കെന്നെ അറിയാമോ എന്ന് ചോദിച്ചു. ഞാൻ അറിയില്ലെന്ന് തന്നെ പറഞ്ഞു’ ഡ്രൈവർ കൂട്ടിച്ചേർത്തു.

‘പിന്നീടാണ് ജീൻസും വെളുത്ത ടോപ്പും ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി വന്നത്. എന്ത് അസഭ്യ ആംഗ്യമാണ്‌ നിങ്ങൾ കാണിച്ചതെന്ന് ചോദിച്ചു. ഞാൻ ഒന്നും കാണിച്ചില്ലെന്ന് പറഞ്ഞു. പക്ഷേ അവരും ചോദിച്ചു നിനക്ക് ഞാൻ ആരാണെന്ന് അറിയാമോ എന്ന്. അവരോടും ഞാൻ അറിയില്ലെന്നാണ് പറഞ്ഞത്’ യദു സംഭവങ്ങൾ വിവരിച്ചു.

പോലീസ് വന്ന് തന്നെ അറസ്‌റ്റ് ചെയ്‌ത്‌ സ്‌റ്റേഷനിലേക്ക് കൊണ്ട് പോയെന്നും ട്രിപ്പ് മുടങ്ങിയെന്നും യദു പറയുന്നു. എസ്‌ഐ ചെയ്‌തത്‌ തെറ്റാണെന്നും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടാതെ ട്രിപ്പ് മുഴുവിക്കാൻ അനുവദിച്ച ശേഷം തന്നോട് സ്‌റ്റേഷനിൽ ഹാജരാകാൻ പറയാമായിരുന്നുവെന്നും പറഞ്ഞ യദു തന്നെ ഇവിടെ പറഞ്ഞുവിടാനാണ് സാധ്യതയെന്നും വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. സൈഡ് നൽകിയില്ല എന്നാരോപിച്ചാണ് മേയറും ഭർത്താവ് സച്ചിൻദേവും കൂടെയുള്ളവരും ചേർന്ന് കെഎസ്ആർടിസി ബസിനു കുറുകെ കാർ ഇട്ടത്. ശേഷം നടുറോഡിൽ വച്ച് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week