ഇടുക്കി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു
ഇടുക്കി: ഇടുക്കി സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും ബിഷപ്പ് എമിറേറ്റസുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 1.38 ന് കോലഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്നണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരഞ്ഞെടുത്തത്. ഇടുക്കി രൂപത രൂപം കൊണ്ടപ്പോള്‍ പോപ് ജോണ്‍പോള്‍ രണ്ടാമനാണ് അദ്ദേഹത്തെ ഇടുക്കിയിലെ ആദ്യത്തെ ബിഷപ്പായി നിയോഗിച്ചത്.രണ്ടാഴ്ച മുന്പ് അടിമാലിയില്‍നിന്നും കോലഞ്ചേരിയിലെത്തിച്ച ബിഷപ്പിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിലായതിനെതുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റി
മലയോരമണ്ണിലെ നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വൈദിക ശ്രേഷ്ഠനാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.കുടിയേറ്റ ജനതയ്ക്ക് പട്ടയം ലഭ്യമാക്കുന്നതിനുവേണ്ടി വിവിധ സമുദായ സംഘടനകളുടെ പിന്തുണയോടെ ആരംഭിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയിലെ കര്‍ഷകസമരങ്ങളില്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസുമായി അകന്ന ആനിക്കുഴിക്കാട്ടില്‍ അന്നത്തെ എം.പി പി.ടി.തോമസിനെതിരായി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പി.ടി.തോമസിന് പിന്നീട് ഇടുക്കിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പോലും കഴിയാത്ത വിധത്തില്‍ പിന്നീട് കാര്യങ്ങള്‍ നീങ്ങി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോയിസ് ജോര്‍ജ് എം.പി നേടിയ അട്ടിമറി വിജയത്തിന് പിന്നിലും ആനിക്കുഴിക്കാട്ടിലിന്റെ പിന്തുണയുണ്ടായിരുന്നു.