മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു
കോട്ടയം:ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.92 വയസായിരുന്നു
.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ശ്വാസ തടസം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചക്ക് 1.17 ഓടെയായിരുന്നു അന്ത്യം.
1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവത്തിൽ.മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.
ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും.
1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
1962 മുതൽ ഒരു ദശാബ്‌ദക്കാലം ചങ്ങനാശേരി എസ്‌ബി കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. എൻഎസ്‌എസ് മുൻ പ്രസിഡന്റ് അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സതീർഥ്യനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്‌ഠനുമായിരുന്നു. 1986 ജനുവരി 17ന് അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ആർച്ച് ബിഷപ് സ്‌ഥാനത്തുനിന്ന് 2007ൽ വിരമിച്ചു.