മന്‍സൂറിന്റെ രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രത്യക സംഘത്തെ നിയോഗിച്ചു

കണ്ണൂര്‍: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്നും ഇവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.

ഇന്നലെ രാത്രി എട്ടരയോടെ പാനൂര്‍ മുക്കില്‍പീടികയില്‍ വച്ചാണ് മന്‍സൂറിനും സഹോദരന്‍ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.