‘നിറത്തിന്റേയും വണ്ണത്തിന്റേയും പേരിൽ സഹപ്രവർത്തകർപോലും പരിഹസിച്ചിട്ടുണ്ട്’; തുറന്നു പറഞ്ഞു മഞ്ജു പത്രോസ്
കൊച്ചി:ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് മഞ്ജു പത്രോസ്. ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ് താരം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായതോടെ മഞ്ജു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടൊപ്പം നിറത്തിന്റേയും ശരീരപ്രകൃതത്തിന്റേയും പേരില്‍ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും നടി നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് ഒരു ആരാധികയുമായി പങ്കുവെയ്ക്കുകയാണ് മഞ്ജു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അഭിമുഖത്തിനിടെയാണ് കുഞ്ഞാരാധിക മഞ്ജുവിനോട് സംസാരിക്കാനെത്തിയത്. ബോഡി ഷെയ്മിങ്ങിനെ തുടര്‍ന്ന് വിഷാദ രോഗം ബാധിച്ച സമയത്താണ് മഞ്ജു പത്രോസിനെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നാണ് ആരാധിക താരത്തോട് പറഞ്ഞത്.
ഇതിന് മറുപടിയായിട്ടാണ് താന്‍ നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ച് മഞ്ജു മനസ് തുറന്നത്. സ്ഥിരമായി പരിഹാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്നവര്‍പോലും നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരില്‍ പരിഹസിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു. സംസ്ഥാന പുരസ്‌കാരം ലഭിച്ചശേഷവും തന്നെ കുറിച്ച് മോശമായി ഇങ്ങോട്ട് വന്ന് സംസാരിച്ച സഹപ്രവര്‍ത്തകരുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
നിറത്തിലും ശരീരപ്രകൃതിയിലൊന്നുമല്ല കാര്യമെന്ന് തെളിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ആരെങ്കിലും പരിഹസിച്ചാല്‍ അതെല്ലാം മറികടക്കാനാകുമെന്ന് സ്വയം വിശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പാണ് എനിക്കൊരു അപകടം സംഭവിക്കുന്നത്. മുഖം വീര്‍ത്ത്, കരുവാളിച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍. ഇപ്പോഴും ഫോണിലുള്ള പഴയ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ പേടിയാകും. ഒരു വശം ചളുങ്ങി പോയത് പോലെയാണ് അതിലുള്ളത്.
പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് ശരിയായത്. ശസ്ത്രക്രിയ കഴിഞ്ഞ 11-ാമത്തെ ദിവസം അഭിനയിക്കാന്‍ വന്നു. അന്ന് മുഖമൊക്കെ ശസ്ത്രക്രിയ ചെയ്ത പാടുകളുണ്ട്. മുഖത്ത് തുന്നിയ നൂലുകളെല്ലാം പതിയെ പൊങ്ങിവരാനും തുടങ്ങി. എന്തുകൊണ്ടോ ആ കഥാപാത്രം ചെയ്യാന്‍ വിധിയുണ്ടായത് എനിക്കാണ്. അത് കൈയില്‍ നിന്ന് വഴുതിപ്പോയില്ല. യഥാര്‍ഥത്തില്‍ കല ഉള്ളിലുള്ള ഒരു വ്യക്തി മറ്റൊരു കലാകാരനെ ഇതെല്ലാം പറഞ്ഞ് വേദനിപ്പിക്കില്ല.’-മഞ്ജു പത്രോസ് വ്യക്തമാക്കുന്നു.