പെങ്ങളുടെ കല്യാണത്തിന് സഹോദരന്റെ വക കഞ്ചാവിന്റെ കേക്ക്! കഴിച്ച് കിളി പോയി അതിഥികള്‍
സാന്റിയോഗോ: സഹോദരിയുടെ വിവാഹം അടിപൊളിയായും വ്യത്യസ്തമായും നടത്തണമെന്ന് ആഗ്രഹിക്കാത്ത ആങ്ങളമാരുണ്ടാകില്ല. ഇത്തരത്തില്‍ പെങ്ങളുടെ വിവാഹത്തിന് വ്യത്യസ്തമായ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വെച്ച ഒരു സഹോദരനാണ് സോഷ്യല്‍ മീഡിയയിലെ താരം. കഞ്ചാവ് കലര്‍ത്തിയ വലിയ കേക്കാണ് വിവാഹ സല്‍ക്കാരത്തിന് യുവാവ് എത്തിച്ചത്. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം.
അല്‍വരോ റോഡ്രിക്വിസ് എന്ന 29 കാരനാണ് തന്റെ സഹോദരിയുടെ വിവാഹത്തിനായി കഞ്ചാവ് ചേര്‍ത്ത കേക്ക് എത്തിച്ചത്. കേക്ക് കഴിച്ച അതിഥികള്‍ കിളി പോയി നടക്കുകയായിരുന്നു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞായിരുന്നു യുവാവ് അതിഥികള്‍ക്ക് കേക്ക് നല്‍കിയത്. ഇത് കഴിച്ചവരെല്ലാം ലഹരിയിലായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
ടിക് ടോക്കില്‍ 13 ദശലക്ഷത്തിലധികം വ്യൂസ് നേടിയ വീഡിയോയില്‍, 100 ഓളം അതിഥികള്‍ക്ക് നടുവില്‍ നിന്ന് കൊണ്ട് കേക്ക് മുറിക്കുന്ന വധുവിനെയും വരനെയും കാണാം. അതേസമയം, അതിഥികള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും കുട്ടികള്‍ക്ക് ലഹരികേക്ക് നല്‍കിയിരുന്നില്ലെന്നും യുവാവ് പറയുന്നു.
സഹോദരിയും താനും മുമ്പ് ഇത്തരം ലഹരി കേക്ക് ട്രൈ ചെയ്ത് നോക്കിയിരുന്നെന്നും സഹോദരി ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹത്തിന് കഞ്ചാവ് കേക്ക് എത്തിച്ചതെന്നും അല്‍വരോ പറഞ്ഞു. നല്ല രാസമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ചിലിയില്‍ കഞ്ചാവ് പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കാം.