രണ്ട് ആണ്‍മക്കളെയും സുന്ദരികളാക്കി കൊറ്റന്‍കുളങ്ങര ദേവിക്ക് മുന്നില്‍ അമ്പിളി ദേവി! വീഡിയോ വൈറല്‍
ചവറ: വിവാദങ്ങളില്‍ നിന്നെല്ലാം മോചനം നേടിയ അമ്പിളി ദേവിയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് വേണ്ടിയാണ് അമ്പിളി ദേവി ഇപ്പോള്‍ ജീവിക്കുന്നത്. പെണ്‍വേഷം കെട്ടിയ തന്റെ ആണ്‍മക്കള്‍ കൊറ്റന്‍കുളങ്ങര ദേവിക്ക് മുന്നില്‍ ചമയവിളക്കേന്തി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ അമ്പിളി ദേവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
തലയില്‍ മുല്ലപ്പൂവും ആഭരണങ്ങളും അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. തന്റെ രണ്ട് ആണ്മക്കളെയും നേര്‍ച്ചയുടെ ഭാഗമായി താരം പെണ്‍വേഷം കെട്ടിച്ച് വിളക്കെടുക്കാന്‍ എത്തിച്ചിരുന്നു.
‘കൊറ്റന്‍കുളങ്ങര ദേവിയുടെ മുന്നില്‍ മക്കളുടെ ചമയവിളക്ക്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേര്‍ ഇതിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ആണ്‍കുട്ടികള്‍ പെണ്‍വേഷം കെട്ടിയതാണെന്ന് തോന്നുന്നില്ല, സുന്ദരന്മാര്‍ സുന്ദരികളായി, മൂത്തയാള്‍ കുട്ടി അമ്പിളി തന്നെ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
ആചാരവിശുദ്ധിയോടെ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. ദേവി പ്രീതിക്കായി ചമയവിളക്കെടുക്കുന്ന പുരുഷാംഗനമാര്‍ നിരവധി പേരാണ് എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ എത്തിച്ചേരാറുള്ളത്. ഉദ്ദിഷ്ടകാര്യത്തിനായി പുരുഷന്മാര്‍ വ്രതം നോറ്റാണ് പെണ്‍ വേഷം കെട്ടി കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് എടുക്കുന്നത്. ചമഞ്ഞ് വിളക്കെടുത്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.