NationalNews

രാജ്യത്തെ ഏറ്റവും വലിയ മാൾ,ഗുജറാത്തിൽ കണ്ണായ സ്ഥലം സ്വന്തമാക്കി ലുലു ഗ്രൂപ്പ്;സ്ഥലത്തിന് മാത്രം 519 കോടി

ഗാന്ധിനഗർ:പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ കോടികള്‍ ചെലവിട്ട് ഭൂമി സ്വന്തമാക്കി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ ചന്ദ്‌ഖേഡയിലെ കണ്ണായ സ്ഥലമാണ് കൂറ്റന്‍ മാള്‍ നിര്‍മിക്കുന്നതിന് വാങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആകും ഇവിടെ വരിക എന്നാണ് റിപ്പോര്‍ട്ട്. 66168 ചതുരശ്ര മീറ്ററുള്ള പ്ലോട്ടിലാണ് മാള്‍ വരുന്നത്.

ചൊവ്വാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ലേലം നടന്നത്. സ്ഥലം സ്വന്തമാക്കുന്നതിന് മൂന്ന് ഗ്രൂപ്പുകള്‍ തയ്യാറായിരുന്നു. ഉയര്‍ന്ന തുക നല്‍കിയ ലുലുവിനാണ് ലേലം ഉറപ്പിച്ചത്. ആദ്യം 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു കോര്‍പറേഷന്റെ ആലോചന. എന്നാല്‍ വില്‍പ്പനയ്ക്കുള്ള സാധ്യത ലുലു ആരാഞ്ഞിരുന്നു. ഇതിന് കോര്‍പറേഷനും ഗുജറാത്ത് സര്‍ക്കാരും സമ്മതിക്കുകയായിരുന്നു.

ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് 76000 രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ 78500 രൂപ നല്‍കിയാണ് ലുലു സ്ഥലം സ്വന്തമാക്കിയതെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലുലു വാങ്ങിയ മൊത്തം സ്ഥലത്തിന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിശ്ചയിച്ചത് 502 കോടി രൂപയായിരുന്നു. എന്നാല്‍ ലേലത്തില്‍ 16 കോടിയിലധികം രൂപ കോര്‍പറേഷന് ലഭിച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കോര്‍പറേഷന്‍ മാറ്റിവച്ചതായിരുന്നു സ്ഥലം. രാജ്യത്തെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ ലുലു തീരുമാനിച്ചിരുന്നു. 4000 കോടി രൂപ ചെലവിട്ടാണ് മാള്‍ നിര്‍മിക്കുക. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടുത്തിടെ ദുബായില്‍ എത്തിയ വേളയില്‍ ഈ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.

റിവര്‍ഫ്രണ്ടിലെ ഭൂമിയാണ് ലുലു ഗ്രൂപ്പ് വങ്ങുക എന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചന്ദ്‌ഖേഡയിലെ എസ്ആര്‍ റിങ് റോഡിലെ കണ്ണായ സ്ഥലമാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. ടിപി സ്‌കീമിലെ അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. ആദ്യം പാട്ടത്തിന് നല്‍കാമെന്നാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലുലു ഗ്രൂപ്പിന്റെ അഭ്യര്‍ഥന പരിഗണിച്ച് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

22 പ്ലോട്ടുകള്‍ വിറ്റ് 3250 കോടി സമാഹരിക്കാന്‍ നേരത്തെ അഹമ്മദാബാദ് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ അഞ്ച് പ്ലോട്ടുകള്‍ മാത്രമാണ് വിറ്റിരിക്കുന്നത്. ബാക്കിയുള്ളവ ഘട്ടങ്ങളായി വില്‍ക്കും. നഗരത്തിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണത്രെ കോര്‍പറേഷന്റെ തീരുമാനം. സബര്‍മതി റിവര്‍ഫ്രണ്ടിലെ പ്ലോട്ടുകള്‍ വില്‍ക്കുന്നതിന് ഉടന്‍ ഓണ്‍ലൈന്‍ ലേലം ആരംഭിക്കാനുള്ള നീക്കത്തിലാണ് കോര്‍പറേഷന്‍.

അന്തര്‍ദേശീയ കായിക മല്‍സരങ്ങള്‍ക്ക് കൂടി വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന അഹമ്മദാബാദില്‍ മാള്‍ വരുന്നതിലൂടെ ലുലുവിന് വന്‍ നേട്ടം കൊയ്യാനാകുമെന്നാണ് പ്രതീക്ഷ. അഹമ്മദാബാദ് കോര്‍പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഇപ്പോള്‍ ലുലു സ്ഥലം വാങ്ങിയിരിക്കുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ലുലു മാള്‍ തുറന്നിരുന്നു. രാജ്യത്ത് കോടികളുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തിവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker