നയന്‍താരയും ആലിയയും വീണു, പ്രതിഫലത്തില്‍ താരറാണിയായി ഈ നടി; പ്രഭാസിനൊപ്പം അഭിനയിക്കാന്‍ വാങ്ങിയത് 20 കോടി
മുംബൈ: ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ മൂല്യമുള്ള നിരവധി നടിമാരുണ്ട്. ദക്ഷിണേന്ത്യയിലും സമാനമാണ് കാര്യങ്ങള്‍. നയന്‍താര, സാമന്ത പോലുള്ള സൂപ്പര്‍ താര പദവിയുള്ള നായികമാരും ദക്ഷിണേന്ത്യയിലുണ്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഇവര്‍ ബോളിവുഡിലും വിജയിച്ചുവെന്നതാണ്.
നയന്‍താര നേരത്തെ ജവാനില്‍ അഭിനയിച്ചതോടെ ആയിരം കോടി ചിത്രത്തിലെ നായികയായും മാറിയിരുന്നു. സാമന്ത അതുപോലെ ഫാമിലി മാന്‍ എന്ന സീരീസിലെ പ്രകടനത്തോടെ ബോളിവുഡില്‍ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. സിറ്റാഡെല്‍ എന്ന ആക്ഷന്‍ സീരീസും നടിയുടേതായി വരാനുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാര്‍ ഇവരൊന്നുമല്ല.
ഇന്ത്യയിലെ എല്ലാ നടിമാരെയും മറികടന്ന് ഒന്നാമതെത്തിയിരിക്കുന്നത് ദീപിക പദുക്കോണാണ്. അമ്പരപ്പിക്കുന്ന പ്രതിഫലമാണ് നടി ഇപ്പോള്‍ വാങ്ങുന്നത്. നയന്‍താരയുടെയും സാമന്തയുടെയും ഇരട്ടിയാണ് പ്രതിഫലം. നിലവില്‍ ആലിയ ഭട്ടിനേക്കാളും ഇരട്ടി ശമ്പളവും ദീപിക വാങ്ങുന്നുണ്ട്. നിലവില്‍ ഗര്‍ഭിണിയാണ് ദീപിക. കുറച്ചുകാലം അവര്‍ സിനിമയില്‍ ഉണ്ടാവില്ല.
എന്നാല്‍ ഇക്കാലയളവില്‍ വമ്പന്‍ ചിത്രങ്ങള്‍ തന്നെ ദീപികയുടേതായി റിലീസ് ചെയ്യാനുണ്ട്. സിങ്കം റിട്ടേണ്‍സില്‍ ലേഡി പോലീസ് ഓഫീസറായിട്ടാണ് ദീപിക അഭിനയിക്കുന്നത്. ഈ വര്‍ഷം ദീപികയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണിത്. ദീപികയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.
ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് താരറാണിയായി ദീപികയെ ഉയര്‍ത്തി കാണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപികയെന്നും ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദീപിക 15 കോടിക്കും മുപ്പത് കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നതെന്ന് ഫോബ്‌സ് പറയുന്നു.
അതേസമയം പ്രഭാസിന്റെ പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയില്‍ അഭിനയിക്കുന്നതിനായി ഇരുപത് കോടിയാണ് നടിക്ക് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഇത് സമീപകാലത്ത് ഒരു നടിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്. കല്‍ക്കിയില്‍ ദീപികയ്ക്ക് പുറമേ ദിഷാ പട്ടാണിയും നായികയായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ മുന്‍തൂക്കം ദീപികയുടെ കഥാപാത്രത്തിനാണ്.
അതേസമയം ബോളിവുഡില്‍ മെഗാ ഹിറ്റുകള്‍ തുടര്‍ച്ചയായി വരുന്നതാണ് ദീപികയ്ക്ക് വമ്പന്‍ പ്രതിഫലം ലഭിക്കാന്‍ കാരണം. ജവാന്‍, പഠാന്‍ എന്നീ വമ്പന്‍ ചിത്രങ്ങള്‍ ആയിരം കോടിയിലേറെ ബോക്‌സോഫീസില്‍ നിന്ന് നേടിയത് ദീപികയ്ക്ക് ഗുണകരമായിരുന്നു. ഈ വര്‍ഷം ഫൈറ്റര്‍ എന്ന ചിത്രവും ഇരുന്നൂറ് കോടിയിലേറെ നേടിയിരുന്നു. അതേസമയം രണ്ടാം സ്ഥാനത്ത് കങ്കണ റനാവത്താണ്. 15 മുതല്‍ 27 കോടി വരെയാണ് നടി വാങ്ങുന്നത്.
പ്രിയങ്ക ചോപ്രയും കത്രീന കൈഫും 15 മുതല്‍ 25 കോടി വരെയും, ആലിയ ഭട്ട് പത്ത് മുതല്‍ ഇരുപത് കോടി വരെയും കരീന കപൂര്‍ എട്ട് മുതല്‍ 18 കോടി വരെയും ശ്രദ്ധ കപൂര്‍ 7 മുതല്‍ 15 കോടി വരെയുമാണ് പ്രതിഫലമായി വാങ്ങുന്നത്. ദക്ഷിണേന്ത്യയില്‍ 12 കോടിയുമായി നയന്‍താരയും, പത്ത് കോടിയുമായി തൃഷയും, എട്ട് കോടിയുമായി സമാന്തയുമാണ് മുന്നിലുള്ളത്.