News

ചിരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയ!

പ്യോങ്യാങ്: മുന്‍ പരമോന്നത നേതാവ് കിം ജോങ് ഇല്‍-ന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരകൊറിയയില്‍ പൗരന്മാര്‍ക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഭരണകൂടം. ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോങ് ഇല്ലിന്റെ 10-ാം ചരമവാര്‍ഷികം. 10 ദിവസം നീണ്ടുനില്‍ക്കുന്ന ദുഃഖാചരണത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

കിം ജോങ് ഇല്ലിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നാണ് ചിരി നിരോധനം. മദ്യപിക്കുന്നതിനും, പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവില്‍ താമസിക്കുന്ന ഒരാള്‍ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കാലങ്ങളില്‍, ദുഃഖാചരണ ദിവസങ്ങളില്‍ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുള്ളതായി പേര് വെളിപ്പെടുത്താന്‍ തയാറാകാത്ത ഉത്തരകൊറിയന്‍ പൗരന്‍ പറയുന്നു. ഇങ്ങനെ പിടികൂടി കൊണ്ടുപോയിട്ടുള്ള പലരെയും പിന്നെ ആരും കണ്ടിട്ടില്ല. ഈ ദിവസങ്ങളില്‍ ജന്മദിനം ആഘോഷിക്കാനോ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനോ പോലും ആരെയും അനുവദിക്കില്ലെന്നും ഇയാള്‍ പറയുന്നു.

കിം ജോങ് ഇല്ലിനെ അനുസ്മരിക്കാന്‍ നിരവധി പരിപാടികളാണ് ഉത്തരകൊറിയന്‍ ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹമെടുത്ത ചിത്രങ്ങളുടെ പൊതു പ്രദര്‍ശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോംഗിലിയ’യുടെ പ്രദര്‍ശനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker