ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, മുടി പറയുന്ന രീതിയിൽ കെട്ടണം, മറ്റാരെയും ഫോൺ വിളിയ്ക്കരുത്; മാനസിക പീഡനത്തിനൊടുവിൽ ഉയിരെടുത്ത് പ്രണയപ്പക
കോഴിക്കോട്: മാനസക്കും നിതിനക്കും പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി പ്രണയപ്പകക്ക് ഇരയായിരിക്കുന്നു. കോഴിക്കോട് തിക്കോടിയില്‍ വെറും 22 വയസ്സ് മാത്രം പ്രായമുള്ള, ജീവിതത്തെ സ്വപ്‌നം കണ്ട് തുടങ്ങിയ കൃഷ്ണപ്രിയ (Krishnapriya) എന്ന പെണ്‍കുട്ടിയാണ് ഒടുവില്‍ സുഹൃത്തിന്റെ കത്തിക്കും പെട്രോളിനും ഇരയായത്. പെണ്‍കുട്ടിയുടെ പരിചയക്കാരനായ നന്ദു എന്ന 30കാരനാണ് പ്രതി. ആത്മഹത്യക്ക് ശ്രമിച്ച ഇയാളും ശനിയാഴ്ച രാവിലെ മരിച്ചു. സമീപകാലത്ത് പ്രണയത്തില്‍ നിന്ന് പിന്മാറുകയോ നിരസിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതും അവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. മാനസ, നിതിന എന്നീ പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കൃഷ്ണപ്രിയയുടെ കൊലപാതകവും.
ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കൃഷ്ണപ്രിയ പഞ്ചായത്തില്‍ താല്‍ക്കാലികമായി ലഭിച്ച ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജോലിക്ക് ഈയടുത്താണ് പോയി തുടങ്ങിയത്. കൃഷ്ണപ്രിയയുടെ അമ്മ പൊതുപ്രവര്‍ത്തകയാണ്. കുറച്ചുകാലമായി കൃഷ്ണപ്രിയയും നന്ദുവും സുഹൃത്തുക്കളാണ്. എന്നാല്‍ അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ കൃഷ്ണപ്രിയയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. മുടി കെട്ടുന്നതില്‍ പോലും ഇയാള്‍ ഇടപെട്ടു.
ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ എന്നുള്ള ഇയാളുടെ നിബന്ധന കൃഷ്ണപ്രിയ എതിര്‍ത്തതോടെ ഇയാള്‍ ആക്രമാസക്തനായി പെണ്‍കുട്ടിയെ തെറിവിളിക്കാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി താന്‍ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്‌സ് മെസേജയച്ചു.
പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു. മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
പെയിന്റിംഗ് തൊഴിലാളിയായ കൃഷ്ണപ്രിയയുടെ അച്ഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാകുമായിരുന്നില്ല. അച്ഛനെ സഹായിക്കാനാണ് പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ജോലിക്കാരിയായത്. ഒരാഴ്ച മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക പോയതുമില്ല.
ഒടുവില്‍ ജോലിക്ക് പോയ അന്ന് പഞ്ചായത്ത് ഓഫീസിന്റെ ഗെയിറ്റിന് മുന്നില്‍ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൃഷ്ണപ്രിയയുടെ പാതി കത്തിയ ബാഗില്‍ ഉച്ചത്തേക്കുള്ള ചോറ്റു പാത്രവും ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ച് കറിയും മാത്രമാണുണ്ടായിരുന്നത്.