കോട്ടയം: രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്. ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യത്തില്‍ തണുത്തുറയുമ്പോഴാണ് കേരളം അത്യുഷ്ണത്തില്‍ ചുട്ടുപൊള്ളുന്നത്. 37.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഇന്നലെ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, പുനലൂര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പകല്‍സമയം താപനില 35 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നു.
ചേര്‍ത്തലയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഓട്ടോമാറ്റിക് താപനിരീക്ഷണ മാപിനികളില്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയതായും സൂചനയുണ്ട്. പത്തനംതിട്ട സീതത്തോട്ടിലെ ഓട്ടമാറ്റിക് മാപിനിയില്‍ 36 ഡിഗ്രി രേഖപ്പെടുത്തി. എങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയുടെ പലഭാഗങ്ങളിലും ശൈത്യം മാറാതെ തുടരുമ്പോള്‍, കേരളം മാര്‍ച്ച് മാസത്തില്‍ പ്രതീക്ഷിക്കുന്ന അത്യുഷ്ണമാണ് ജനുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. പുനലൂരിലാണ് ഏറ്റവും കുറഞ്ഞ രാത്രിസമയ താപനില രേഖപ്പെടുത്തിയത്.
18.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില, ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനില അനുഭവപ്പെട്ടത് പഞ്ചാബിലെ അമൃത്സറിലാണ്. 2.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. തെലങ്കാനയില്‍ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 12 ഡിഗ്രി ആയിരുന്നു താപനില.