KeralaNews

കൊച്ചി വാട്ടർമെട്രോ സർവീസ് 26 മുതൽ; നിരക്കുകൾ പ്രഖ്യാപിച്ചു, ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 20 രൂപ

കൊച്ചി: ആദ്യ സർവീസിനായി തയാറെടുത്ത് കൊച്ചി വാട്ടർ മെട്രോ. കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗരഗതാഗത സംവിധാനത്തിന്റെ ഭാഗമായ വാട്ടർമെട്രോയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തഞ്ചിന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഏപ്രിൽ 26-ന് ഹൈക്കോടതി ടെർമിനലിൽ നിന്ന്‌ വൈപ്പിനിലേക്കും തിരിച്ചുമാണ്‌ ആദ്യ സര്‍വ്വീസ്‌. വൈറ്റില- കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27-നും സര്‍വ്വീസ്‌ ആരംഭിക്കും. ഒരാൾക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.

മെട്രോ റെയിലിന്‌ സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ്‌ വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്‌. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത്‌ ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ 78 വാട്ടര്‍ മെട്രോ ബോട്ടുകളായിരിക്കും സര്‍വ്വീസ്‌ നടത്തുക. ഭിന്നശേഷി സൗഹൃദമാണ് ടെര്‍മിനലുകളും ബോട്ടുകളും.

ശീതീകരിച്ച ബോട്ടുകള്‍, ജലസ്രോസതുകളെ മലിനമാക്കാത്ത ഇലക്ട്രിക്-ഹൈബ്രിഡ്‌ ബോട്ടുകള്‍, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിങ് പോണ്ടൂണുകള്‍, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.

പ്രാരംഭ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടുമണി വരെയാണ്‌ വാട്ടർമെട്രോ സര്‍വ്വീസ്‌ നടക്കുക. പീക്ക്‌ അവറുകളില്‍ 15 മിനിറ്റ്‌ ഇടവേളകളില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ്‌ നടത്തും. പ്രാരംഭ ഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണം പരിശോധിച്ച ശേഷമായിരിക്കും സര്‍വ്വീസുകള്‍ക്കിടയിലെ സമയം നിജപ്പെടുത്തുന്നത്. നൂറ്‌ പേര്‍ക്ക്‌ യാത്രചെയ്യാന്‍ സാധിക്കുന്ന എട്ടു ബോട്ടുകളാണ്‌ നിലവില്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

മിനിമം ടിക്കറ്റ്‌ നിരക്ക്‌ 20 രൂപയും പരമാവധി ടിക്കറ്റ്‌ നിരക്ക്‌ 40 രൂപയുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഹൈക്കോടതി- വൈപ്പിന്‍ – 20 രൂപ
വൈറ്റില- കാക്കനാട് – 30 രൂപ
പ്രതിവാര പാസ്‌ – 180 രൂപ
പ്രതിമാസ പാസ്‌ – 600 രൂപ
ത്രൈമാസ പാസ്‌ – 1500 രൂപ

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ യാത്രാ പാസ്സുകള്‍ക്ക്‌ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെര്‍മിനലുകളില്‍ ഒരുക്കിയിരിക്കുന്ന ടിക്കറ്റ്‌ കൗണ്ടറുകളില്‍ നിന്ന്‌ ഒറ്റത്തവണ യാത്രചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസ്സുകളും ലഭിക്കും. ഇത്‌ കൂടാതെ കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക്‌ ചെയ്യുന്ന മൊബൈല്‍ ക്യൂ.ആര്‍ ഉപയോഗിച്ചും യാത്രചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker