KeralaNews

കൊച്ചിയില്‍ അമ്ലമഴ?മഴത്തുള്ളിയില്‍ ആസിഡ് സാന്നിദ്ധ്യം,സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് ശാസ്ത്ര വിദഗ്ദരുടെ നിരീക്ഷണം. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും രാജഗോപാല്‍ വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയില്‍ പെയ്ത ആദ്യ മഴയായിരുന്നു ഇന്നത്തേത്.

അതേസമയം, കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അറിയിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലുമായി രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്.

ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ നേരിടുന്നവര്‍ക്ക് ചികിത്സ തേടുന്നതിനായി 24 മണിക്കൂര്‍ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. ഫോണ്‍ മുഖേനെയാണ് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നത്.

കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളേജിലേക്കോ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്ട്‌സ് സെന്ററിലേക്കോ റഫര്‍ ചെയ്യും. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുമുണ്ട്.

മെഡിക്കല്‍ കോളേജിലെ കണ്‍ട്രോള്‍ റൂമിലേക്ക് 8075 774 769 എന്ന നമ്പറിലും ഡി.എം.ഒ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലേക്ക് 0484 2360 802 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker