KeralaNews

കെവിൻ കൊലക്കേസ് പ്രതിയ്ക്ക് ജയിലിൽ ക്രൂര മർദ്ദനം, ആശുപത്രിയിലേക്ക് മാറ്റി ഹൈക്കോടതി, ഡി.ജി.പിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിൽ കടുത്ത മ‍ർദനത്തിനിരയായ കെവിൻ കേസ് പ്രതി ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്‍റെ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. ജയിലധികൃതതരെ കർശനമായി താക്കീത് ചെയ്ത സിംഗിൾ ബെഞ്ച് ജയിൽ ഡിജിപിയോട് നാളെത്തന്നെ റിപ്പോർട് സമർപ്പിക്കാനും നിർദേശിച്ചു.

കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോമിന്‍റെ ഹൈക്കോടതിയിലെ ഹർജിയിലുണ്ടായിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്‍ജിയോട് നി‍ർദേശിച്ചു.

ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റി. ഇക്കാര്യം ജില്ലാ ജഡ്ജി തൊട്ടുപിന്നാലെ ഹൈക്കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയിൽ ടിറ്റുവിന്‍റെ സുരക്ഷക്കായി ജയിൽ അധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും നിർദേശിച്ചു. സംഭവിച്ചത് സംബന്ധിച്ച് ജയിൽ ഡിജിപി നാളെത്തന്നെ ജില്ലാ ജഡ്ജിക്ക് റിപ്പോർട് നൽകണം. പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker