CrimeKeralaNews

‘വീട്ടിൽ നിന്ന് പോയതിന് ശേഷവും കല വിളിച്ചു,പാലക്കാടുള്ള സൂരജിന്റെ കൂടെയെന്ന് പറഞ്ഞു’ സഹോദര ഭാര്യ

ആലപ്പുഴ: വീട്ടിൽ നിന്ന് പോയതിന് ശേഷവും കല തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്ന് കലയുടെ സഹോദരന്റെ ഭാര്യ . താൻ പാലക്കാട് ആണെന്നും സൂരജ് എന്ന ചെറുപ്പക്കാരന്റെ കൂടെ താമസിക്കുകയാണെന്നും കല പറഞ്ഞിരുന്നതായി സഹോദരൻ്റെ ഭാര്യ പറഞ്ഞു. ‘രണ്ട് തവണ കല തന്നെ വിളിച്ചിരുന്നു, വീട്ടിൽ വന്ന് വസ്ത്രങ്ങളടക്കമുള്ള സാധനങ്ങളെടുത്ത് പോയതിന് ഒരു മാസത്തിന് ശേഷമായിരുന്നു വിളിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇങ്ങോട്ട് വിളിച്ച നമ്പറിൽ തിരിച്ച് വിളിച്ചപ്പോൾ നിലവിലില്ല എന്നാണ് പറഞ്ഞത്’, സഹോദര ഭാര്യ കൂട്ടിച്ചേർത്തു.

കലയെ അവസാനമായി കണ്ട ദിവസവും സഹോദര ഭാര്യ ഓർത്തെടുത്തു. കലയുടെ ഭർത്താവായ അനിൽ വിദേശത്തുണ്ടായിരുന്ന സമയത്തായിരുന്നു അത്. കലയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപണമുയർന്ന സമയത്ത് കൂടിയായിരുന്നു അത്. അനിലിന്റെ വീട്ടിൽ നിന്നും തങ്ങളുടെ വീട്ടിലേക്കെത്തിയ കല ഈ ആരോപണങ്ങൾ തള്ളിയെന്നും വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഓട്ടോറിക്ഷയിൽ കയറിപോയെന്നും സഹോദര ഭാര്യ പറഞ്ഞു. ശേഷം ദിവസങ്ങൾക്ക് ശേഷമാണ് താൻ പാലക്കാടുണ്ടെന്നും സൂരജ് എന്ന വ്യക്തിയുമായി ജീവിക്കുകയാണെന്നും പറഞ്ഞ് കല വിളിക്കുന്നതെന്ന് സഹോദര ഭാര്യ പറഞ്ഞു.

കലയെ കാണാതായ സമയത്ത് ഒന്നര വയസ്സുള്ള ഒരു കുട്ടി ഇവർക്കുണ്ടായിരുന്നു. കുട്ടിയെ കൊണ്ട് പോകാതെയാണ് കല പോയത്. പിന്നീട് കുട്ടിയുമായി ബന്ധപ്പെട്ട് അനിലും കലയും തമ്മിൽ കലഹം നടന്നിരുന്നെന്നും അനിൽ നാട്ടിൽ വന്ന ശേഷം കലയെ കാണാൻ പോയിരുന്നുവെന്നാണ് തങ്ങൾക്ക് കിട്ടിയ വിവരമെന്നും സഹോദര ഭാര്യ പറഞ്ഞു.

കലയെ കൊല്ലാൻ മാത്രം അനിലിന് കലയോട് ദേഷ്യമുള്ളതായി തോന്നിയിരുന്നില്ലെന്നും കലയെ കാണാതായി, അനിൽ നാട്ടിലെത്തിയതിന്റെ 15 ദിവസങ്ങൾക്ക് ശേഷം തന്നെ അനിൽ മറ്റൊരു വിവാഹം ചെയ്തിരുന്നതായും സഹോദര ഭാര്യ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം കലയുടെ മകൻ അമ്മയുടെ വീട് കാണാൻ എത്തിയിരുന്നുവെന്നും കലയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു.

മാന്നാറിൽ നിന്ന് 15 വ‍ർഷം മുമ്പ് കാണാതായ ‌കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കലയെ കൊലപ്പെടുത്തി ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്.

സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ. 15 വർഷം മുമ്പ് കലയെ കാണാതായതോടെ ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് കലയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് തുടർച്ചയായി ഊമക്കത്ത് ലഭിച്ചതോടെയാണ് കേസിൽ അന്വേഷണം വീണ്ടും സജീവമാകുന്നത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കൾ സമ്മതിച്ചു.

കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭർത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ളത് അനിലിന്റെ ബന്ധുക്കളാണ്. കാണാതാകുമ്പോൾ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ഇവ‍ർക്കിടയിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker