KeralaNewsPolitics

ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ?

ന്യൂഡല്‍ഹി : ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ? ഇവരെല്ലാം കേന്ദ്രത്തിന്റെ പാദസേവകരാണ് രൂക്ഷവിമര്‍ശനവുമായി കെ.കെ.രാഗേഷ് എം.പി .ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് തുടങ്ങിയവരെ ‘ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യം, നിങ്ങള്‍ ഇടപെടേണ്ടതില്ല’ എന്ന് പറഞ്ഞായിരുന്നു ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടേയുള്ളവര്‍ പ്രതിരോധിച്ചത്. ഇതിനെതിരെയാണ് കെ.കെ.രാഗേഷ് രംഗത്ത് വന്നിരിക്കുന്നത്.

വിഷയത്തില്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടേയുള്ള സെലിബ്രറ്റികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഎം എംപിയും കര്‍ഷക സമരത്തില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന കെകെ രാഗേഷ് എംപി നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

പാദസേവകര്‍ ക്രീസിലിറങ്ങുമ്പോള്‍

രണ്ടരമാസത്തോളമായി ഇന്ത്യയിലെ കര്‍ഷകര്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ക്കെതിരെ തെരുവില്‍ സമരത്തിലാണ്. തികച്ചും സമാധാനപൂര്‍ണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേര്‍ സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികള്‍ സമരത്തെ ആളിക്കത്തിച്ചു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്ബുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. വൃദ്ധരായ കര്‍ഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കര്‍ഷകസമരത്തെ ഭരണകൂടം നേരിടുന്നത്.

അപ്പോഴൊന്നും സെലിബ്രിറ്റികള്‍ക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവര്‍ന്നില്ല. ഒടുവില്‍ സമാനതകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ ലോകത്തിന് മുന്നില്‍ വാര്‍ത്തയായപ്പോള്‍, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള, വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ‘രാജ്യസ്നേഹം’ അടക്കിനിര്‍ത്താനാവാതെ ചില ‘ദൈവങ്ങള്‍’ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു.

കൂടുതല്‍ പേര്‍ ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ‘ഗോദിമീഡിയ’യെ എങ്ങിനെയാണോ സമരത്തിലുള്ള കര്‍ഷകര്‍ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങള്‍ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.

ബിജെപിയുടെ മിഷന്‍ കേരള; നദ്ദയുടെ വരവ് തന്ത്രങ്ങളൊരുക്കാന്‍… മെഗായോഗം തൃശൂരില്‍, എ ക്ലാസ്സ് മണ്ഡലങ്ങള്‍ക്ക് പരിഗണന

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker