പാതിരാത്രി റോഡിലിറങ്ങി പോസ്റ്റര്‍ ഒട്ടിപ്പ് ജീവ; ചലഞ്ച് ഏറ്റെടുത്ത് അനൂപ് മേനോനും സംവിധായകനും
കൊച്ചി: മിനി സ്‌ക്രീന്‍ അവതാരകരിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ജീവ. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് ജീവയുടെ ആരാധകരായിട്ടുള്ളത്. വെള്ളിത്തിരയിലും ഇപ്പോള്‍ ജീവ ചുവട് വെയ്ക്കുകയാണ്. മുമ്പ് ചെറിയ ചില വേഷങ്ങള്‍ ജീവ ചെയതിരുന്നെങ്കിലും ഇപ്പോള്‍ നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള വേഷം അഭിനയിക്കുകയാണ് താരം.
മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ജീവ ചിത്രത്തിലെ നായകനായ അനൂപ് മേനോനും സംവിധായകന്‍ ബിബിന്‍ കൃഷ്ണയ്ക്കും കൊടുത്ത ഒരു പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ജീവയും സുഹൃത്തും കൂടി ചുമരുകളില്‍ പതിപ്പിച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ വീഡിയോ ജീവ തന്നെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കുക മാത്രമല്ല, ജീവ ചെയ്തത്, താന്‍ ചെയ്ത പോലെ പോസ്റ്റര്‍ ഒട്ടിക്കാന്‍ സിനിമയിലെ നായകനായ അനൂപ് മേനോനെയും സംവിധായകന്‍ ബിബിന്‍ കൃഷ്ണയെയും ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു. നിരവധി പേരാണ് ജീവയുടെ വീഡിയോ സ്റ്റോറി ഷെയര്‍ ചെയ്തിരിക്കുന്നത്. അനൂപ് മേനോനും ബിബിന്‍ കൃഷ്ണയും ചലഞ്ച് ഏറ്റെടുക്കന്ന വീഡിയോയും ജീവ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തു. ഡി.വൈ.എസ്.പി നന്ദകുമാര്‍ എന്ന കഥാപാത്രത്തിനെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജീവന്‍ പോകുമ്പോള്‍ ഉള്ള ആത്മാവിന്റെ ഭാരമാണ് 21 ഗ്രാം എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. ഇതുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിന് ആശംസകളുമായി എത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവരായിരുന്നു ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്.