ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; കൊല്‍ക്കൊത്തയെ തളയ്ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഐ.എസ്.എല്‍. ആറാം പതിപ്പിന് ഇന്ന് രാത്രി 7.30 ന് കിക്കോഫ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്രതിരോധത്തില്‍ വിശ്വസ്തനായ സന്ദേശ് ജിംഗാന്‍ ഇല്ല എന്ന സങ്കടമൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. പുതിയ കോച്ചിന്റെ കീഴില്‍ ഡിഫന്‍ഡര്‍ മുതല്‍ സ്ട്രൈക്കര്‍വരെ എല്ലാ പൊസിഷനിലും പുതിയ താരങ്ങളുണ്ട്.

ജിംഗാന്റെ അസാന്നിധ്യത്തില്‍ ഡച്ച് താരം ജിയാനി സൂവര്‍ലൂണാകും ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ടയുടെ കാവല്‍ക്കാരന്‍. ലെഫ്റ്റ് ബാക്കായി ലാല്‍റുവാത്താരയും റൈറ്റ് ബാക്കായി മുഹമ്മദ് റാകിപും കളിക്കുമ്പോള്‍ മധ്യത്തില്‍ സൂവര്‍ലൂണിനൊപ്പം ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സിനെയുമാണ് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍ക്കോ ഷട്ടോരി കണ്ടുവെച്ചിരിക്കുന്നത്. ജൈറോക്ക് പരിക്കുള്ളതിനാല്‍, പരിചയസമ്ബന്നനായ രാജു ഗെയ്ക്വാദിനോ മലയാളി താരം അബ്ദുല്‍ ഹക്കുവിനോ നറുക്കുവീഴും. മറുവശത്ത് അനസ് എടത്തൊടികയുടെ അസാന്നിധ്യത്തില്‍ ജോണ്‍ ജോണ്‍സണാകും കൊല്‍ക്കത്തയുടെ പ്രതിരോധം കാക്കുക.