രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് ബാധിക്കും! മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കു കൊവിഡ് ബാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഐസിഎംആര്‍ ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയത്.
സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണു രോഗബാധയ്ക്ക് സാധ്യത കൂടുതല്‍. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. കൊവിഡ് ഭീഷണി മാസങ്ങള്‍ നീണ്ടേക്കുമെന്ന മുന്നറിയിപ്പും ഐസിഎംആര്‍ നല്‍കുന്നു.
സാമൂഹിക അകലം ഉള്‍പ്പെടെയുളള മുന്‍കരുതല്‍ നടപടികള്‍ ഗൗരവത്തോടെ കാണണം. എങ്കില്‍ മാത്രമേ ഗുരുതര സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. നിലവില്‍ മരണനിരക്ക് കുറവാണ്. കാര്യങ്ങള്‍ പരമാവധി നിയന്ത്രണത്തിലാണ്. ഇപ്പോള്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപനമില്ലെന്നും ഐസിഎംആര്‍ പറഞ്ഞു.
ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് മരണനിരക്ക് കുറവാണ്. ഒരു ലക്ഷം ജനങ്ങളെ കണക്കിലെടുത്താല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണെന്നും ഐസിഎംആര്‍ അവകാശപ്പെട്ടു.