ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ചെന്നൈ: ആദ്യ രാത്രിയില്‍ നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ചെന്നൈക്ക് സമീപം മിഞ്ചുരിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. നീതിവാസന്‍ (24) ആണ് ഭാര്യ സന്ധ്യ (20)യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ബന്ധുക്കളായ നീതിവാസനും സന്ധ്യയും ബുധനാഴ്ചയാണ് വിവാഹിതരായത്. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. 20ഓളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് നവ ദമ്പതികള്‍ വീട്ടിലെത്തുകയും ചെയ്തു. ആദ്യ രാത്രി ദമ്പതിമാരുടെ കിടപ്പു മുറിയില്‍ നിന്ന് സന്ധ്യയുടെ കരച്ചില്‍ കേട്ടു. ഇത് കേട്ട് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന സന്ധ്യയെ ബന്ധുക്കള്‍ കാണുന്നത്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു.
എന്നാല്‍ യുവതിയുടെ ഭര്‍ത്താവായ നീതിവാസനെ മുറിയില്‍ കണ്ടില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ നീതിവാസനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂര്‍ പോലീസ് പറഞ്ഞു. കല്യാണ ദിവസം വീട്ടില്‍ നടന്ന ദാരുണമായ മരണങ്ങളുടെ ഞെട്ടലിലാണ് ബന്ധുക്കളും പ്രദേശവാസികളും.