സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒ.ബി.സി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുമാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്കായി സീറ്റുകള്‍ നീക്കിവയ്ക്കാതെ മൗലികാവകാശ ലംഘനം നടത്തുന്നതായി ഹര്‍ജികളില്‍ ആരോപിച്ചിരുന്നു.
സംവരണത്തിനുള്ള അവകാശം മൗലികാവകാശമായി കരുതാനാവില്ലെന്നും അതുക്കൊണ്ട് ക്വാട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് ഭരണഘടനാ ലംഘനമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റീസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ ആവശ്യവുമായി വന്നതില്‍ കോടതി സന്തോഷം പ്രകടിപ്പിച്ചു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി, ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.