കൊളംബോ∙ ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ മൂലം ഇന്നത്തെ കളി ഉപേക്ഷിച്ചു. മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച പുനരാരംഭിക്കും. വൈകിട്ട് മൂന്നിനാണ് മത്സരം. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് പകുതിയെത്തിയപ്പോഴാണ് മഴ എത്തിയത്. പിന്നീട് മഴ മാറിയെങ്കിലും ഔട്ട് ഫീൽഡിൽ നനവുണ്ടായിരുന്നതിനാൽ മത്സരം തുടരാനായില്ല.
അംപയർമാർ പല തവണ ഗ്രൗണ്ട് പരിശോധിച്ചശേഷം മത്സരം റിസർവ് ദിനത്തിേലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്ക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. വിരാട് കോലി (16 പന്തിൽ എട്ട്), കെ.എൽ. രാഹുൽ (28 പന്തിൽ 17) എന്നിവരാണു ക്രീസിൽ. ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമ (49 പന്തിൽ 56), ശുഭ്മൻ ഗിൽ (52 പന്തിൽ 58) എന്നിവർ അർധ സെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണു ലഭിച്ചത്.
ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരുടെ പേസ് ആക്രമണത്തെ ഫലപ്രദമായി തന്നെ ഇന്ത്യന്‍ ഓപ്പണർമാർ പ്രതിരോധിച്ചു. 121 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത്തും ഗില്ലും ചേര്‍ന്നു പടുത്തുയർത്തിയത്. ശതാബ് ഖാന്റെ പന്തില്‍ ഫഹീം അഷറഫ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റൻ പുറത്താകുന്നത്. തൊട്ടുപിന്നാലെ ഗില്ലിനെയും ഇന്ത്യയ്ക്കു നഷ്ടമായി.
സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ വമ്പന്‍ വിജയം നേടിയ അതേ ടീമുമായാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കുമാറി തിരിച്ചെത്തിയ കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറാകും. മധ്യനിര താരം ശ്രേയസ് അയ്യർ പുറത്തിരിക്കും. പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിലുണ്ട്. നേപ്പാളിനെതിരെ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഇഷാന്‍ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– ഇമാം ഉൾ ഹഖ്, ഫഖർ സമാൻ, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ, ഇഫ്തിഖർ അഹമ്മദ്, ആഗാ സൽമാൻ, ശതബ് ഖാൻ, ഫഹീം അഷറഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.