ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും കര്‍ണാടകയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ശോഭ കരന്തലജെയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഡിഎംകെ നല്‍കിയ പരാതിയില്‍ കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറോടാണ് നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനകം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു രാമേശ്വരം കഫേയിലെ സ്‌ഫോടനം സംബന്ധിച്ച് തമിഴ്‌നാടിനെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ പരാതി നല്‍കിയത്. കേരളത്തിനെതിരെയും കേന്ദ്രമന്ത്രി സമാനമായ പരാമര്‍ശം നടത്തിയിരുന്നു.
കര്‍ണ്ണാടകയിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി, തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടക്കാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് ഡിഎംകെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ തമിഴ് ജനതയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഡിഎംകെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ വന്ന് കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെച്ചെന്നും കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി സ്ത്രീകള്‍ക്കുമേല്‍ ആസിഡ് ഒഴിച്ചുവെന്നുമാണ് ശോഭ കരന്തലജെ കഴിഞ്ഞ ദിവസം പറഞ്ഞത്.
പരാമര്‍ശത്തിനെതിരേ വലിയതോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തമിഴ്‌നാടിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരളത്തിനെതിരായ പരാമര്‍ശത്തില്‍ മൗനംപാലിക്കുകയാണ്.