‘ഞാൻ വിവാഹിതനല്ല… പക്ഷെ എനിക്ക് ഒരു മകളുണ്ട്… പേര് ആന്റണ്‍ മേരി’ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി വിശാൽ!
ചെന്നൈ:മലയാളികൾക്ക് വളരെ സുപരിചിതനായ തമിഴ് താരമാണ് വിശാൽ. നാൽപ്പത്തിയാറുകാരനായ താരം വില്ലൻ പോലുള്ള മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായി എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ളത് വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ്. മൂന്ന് വർഷം മുമ്പ് താരത്തിന്റെ വിവാഹനിശ്ചയം വരെ നടന്നിരുന്നുവെങ്കിലും പിന്നീട് ചില കാരണങ്ങളെ തുടർന്ന് അത് മുടങ്ങി. ശേഷം അഭിനയവും സാമൂഹികപ്രവർത്തനങ്ങളും നടികർ സംഘം സംഘടനയുടെ നടത്തിപ്പുമെല്ലാമായി തിരക്കിലായിരുന്നു താരം.
അടുത്തിടെ കുംകി താരം ലക്ഷ്മി മേനോനുമായി താരം പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. സംഭവം വൈറലായതോടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിശാൽ തന്നെ രംഗത്തെത്തിയിരുന്നു. ലത്തിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിശാൽ ചിത്രം. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമ മാർക്ക് ആന്റണി റിലീസിന് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ ലോഞ്ച് ഗംഭീരമായി നടന്നിരുന്നു. കുടുംബസമേതമാണ് വിശാൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ വിശാൽ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. തനിക്ക് ഒരു മകളുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.
മകളെ വേദിയിലേക്ക് വിളിച്ച് വരുത്തി ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു താരം. വിശാലിന്റെ പ്രസംഗം വൈറലായതോടെ ആരാധകരും അമ്പരന്നു. എന്നാൽ വിശാലിന് ജനിച്ച മകളല്ല അത് താരം ഏറ്റെടുത്ത് പഠിക്കുന്ന പെൺകുട്ടിയെയാണ് മകളെന്ന് അഭിസംബോധന ചെയ്തത്.
സിനിമയ്ക്ക് പുറമെ നിരവധി സമൂഹ്യപ്രവർത്തനങ്ങളിൽ ഇടപെടുന്ന നടനാണ് വിശാല്‍. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ ചെയ്യാറുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വിശാൽ ആന്റണ്‍ മേരി എന്ന വിദ്യാര്‍ഥിനിയെ കണ്ടുമുട്ടിയതും കുട്ടിയുടെ പഠന ചിലവ് ഏറ്റെടുത്തതും.
‘ഞാന്‍ വിവാഹിതനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എനിക്ക് ഒരു മകളുണ്ട്. ആന്റണ്‍ മേരി എന്നാണ് മകളുടെ പേര്. ചെന്നൈയിലെ സ്‌റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ഥിനിയാണ് വിശാല്‍ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ ഒരു സുഹൃത്ത് വഴി കണ്ടുമുട്ടിയത്.’
‘കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സ്‌റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് ആന്റണ്‍ മേരിയുടെ സ്വപ്‌നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞപ്പോൾ പഠനവും മറ്റ് ചെലവുകളും ഏറ്റെടുക്കുകയായിരുന്നു’, വിശാൽ പറഞ്ഞു.
വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും പഠിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്ത് തന്ന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നുമാണ് ആന്റണ്‍ മേരി പറഞ്ഞത്. ‘എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത്. അമ്മ പറയാറുണ്ടായിരുന്നു അതൊക്കെ വലിയ സ്വപ്‌നമാണ് സാധിക്കില്ല എന്നൊക്കെ. പക്ഷെ വിശാല്‍ അണ്ണന്‍ വഴി അതിന് സാധിച്ചു.’
‘എനിക്ക് അദ്ദേഹം പിതാവിനെപ്പോലെയാണ്. അതെപ്പോഴും അങ്ങനെയായിരിക്കും’, ആന്റണ്‍ മേരി പറഞ്ഞു. കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ വിയോഗശേഷം പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർഥികളുടെയും പഠനച്ചെലവ് ഏറ്റെടുത്ത് നോക്കുന്നത് വിശാലാണ്. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്ന മനുഷ്യസ്നേഹിയായിരുന്നു പുനീത്.
അച്ഛൻ രാജ്‌കുമാർ തുടങ്ങിവച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയായിരുന്നു താരം. വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ജി.വി പ്രകാശ് കുമാറാണ്.