‘ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു, അവരെല്ലാം വഞ്ചിച്ചു; പലരും ഉപയോഗിക്കുകയായിരുന്നു’ തുറന്നുപറഞ്ഞ് ഓവിയ
ചെന്നൈ:ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഓവിയ ഹെലൻ. മലയാളിയായ ഓവിയ ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലൂടെയാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിൽ വലിയ കോളിളക്കം സൃഷ്ടിച്ച മത്സരാർത്ഥിയായിരുന്നു ഓവിയ. പകുതിക്ക് വച്ച് ഷോയിൽ നിന്നും വോൾക്ക് ഔട്ട് നടത്തിയ താരം തമിഴകത്ത് തരംഗമായി മാറുകയായിരുന്നു. വലിയ ജനപ്രീതിയാണ് ഓവിയക്ക് ലഭിച്ചത്.
ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്ന ആരവുമായുള്ള ഓവിയയുടെ പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഓവിയക്ക് വലിയ ശ്രദ്ധനേടി കൊടുത്തത്. ഓവിയക്ക് വേണ്ടി നിരവധി ആർമി ഗ്രൂപ്പുകളും മറ്റും അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ അധിക കാലം ലൈം ലൈറ്റിൽ നിൽക്കാൻ ഓവിയക്ക് കഴിഞ്ഞില്ല. എങ്കിലും സിനിമകളിൽ നിന്നെല്ലാം അവസരങ്ങൾ താരത്തെ തേടി എത്തിയിരുന്നു. ഇപ്പോള്‍ ചൂയിഗം എന്ന സീരീസിലൂടെ വെബ് സീരീസ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് ഓവിയ. അതിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം.
പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ താരം നൽകിയിരുന്നു. മിക്ക അഭിമുഖങ്ങളിലും വിവാഹം സംബന്ധിച്ച ചോദ്യങ്ങൾ ഓവിയക്ക് നേരിടേണ്ടി വന്നിരുന്നു. അതിനിടെ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഓവിയ സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
തനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതൊന്നും വർക്ക്ഔട്ട് ആയില്ലെന്നും ഓവിയ പറഞ്ഞു. ആ ബന്ധങ്ങളിൽ എല്ലാം താൻ ആത്മാർത്ഥത പുലർത്തിയിരുന്നെങ്കിലും പണം മാത്രം കണ്ട് വന്ന പലരും തന്നെ ഉപയോഗിക്കുകയും വഞ്ചിക്കുകയും ചെയ്‌തെന്ന് ഓവിയ പറയുന്നു.
മറ്റൊരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ഓവിയ പറഞ്ഞതും വൈറലായിരുന്നു. താനിപ്പോൾ വിവാഹിതയാകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ വിവാഹം ചെയ്യുമെന്നും ഉറപ്പില്ല. വിവാഹം എല്ലാവർക്കും പറ്റിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും നടി വ്യക്തമാക്കി. വിവാഹം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ സന്തോഷമില്ലാതെ പേരിന് വേണ്ടി കല്യാണം കഴിച്ച് ജീവിതം തുലയ്ക്കുന്നവരും ഉണ്ട്. അത്തരമാെരു റിസ്ക് എടുക്കാനുള്ള ധൈര്യം തനിക്കിപ്പോൾ ഇല്ലെന്നാണ് ഒവിയ പറഞ്ഞത്.
മറ്റൊരു അഭിമുഖത്തിൽ ലിവിംഗ് ടുഗെദറിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ന് ഒന്നിലും തനിക്ക് വിശ്വാസമില്ലെന്നാണ് ഒരു ചിരിയോടെ ഒവിയ നൽകിയ മറുപടി. ഇപ്പോൾ സ്വയം സ്നേഹിക്കുകയാണ്. നല്ല രീതിയിലാണ് ജീവിതമിപ്പോൾ മുന്നോട്ട് പോകുന്നത്. ബോയ് ഫ്രണ്ട് വേണമൊന്നൊക്കെ ഒരു പ്രായത്തിൽ തോന്നും. പക്ഷെ ഇപ്പോൾ അത്തരം തോന്നലുകളൊന്നും ഇല്ല. ഒരു കംഫർട്ട് സോൺ വന്നു. അതിലേക്ക് ആരും വന്നിട്ടില്ല, വന്നാൽ നല്ലതാണ്. വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ഓവിയ പറഞ്ഞു.
തൃശൂർ സ്വദേശിയാണ് ഓവിയ. സൂര്യ മ്യൂസിക്കില്‍ അവതാരകയായിട്ടായിരുന്നു ഓവിയയുടെ തുടക്കം. തുടർന്ന് കങ്കാരൂ, പുതിയ മുഖം തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിലേക്കും എത്തി. തുടർന്ന് തമിഴ് അടക്കമുള്ള മറ്റു തെന്നിന്ത്യൻ ഭാഷകളിൽ നിന്നും അവസരങ്ങൾ തേടി എത്തുകയായിരുന്നു. തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടി വരുന്നതിനിടയിലായിരുന്നു ഓവിയക്ക് ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നത്. അത് ഓവിയയുടെ കരിയറിൽ തന്നെ വഴിത്തിരിവായി മാറി.