ഉദ്ഘാടനം കഴിഞ്ഞ് നിൽക്കണം,എംഡിക്ക് എന്നോട് താൽപര്യമുണ്ടെന്ന്; എനിക്കാണെങ്കിൽ ഭയങ്കര സന്തോഷം, വെളിപ്പെടുത്തലുമായി അനാർക്കലി
കൊച്ചി:ആനന്ദം എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അനാർക്കലി മരിക്കാർ. 2016 ലാണ് ആനന്ദം റിലീസ് ചെയ്യുന്നത്. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയ നിരവധി യുവ അഭിനേതാക്കൾ സിനിമയുടെ ഭാഗമായി. ഗണേശ് രാജായിരുന്നു സിനിമയുടെ സംവിധായകൻ. ആനന്ദത്തിലഭിനയിച്ച റോഷൻ മാത്യുവിനെ തേടി പിന്നീട് നിരവധി അവസരങ്ങൾ വന്നെങ്കിലും മറ്റ് പലരുടെയും സ്ഥിതി അതായിരുന്നില്ല. ചിലരെ ലൈം ലൈറ്റിൽ തന്നെ കാണാതായി.
എന്നാൽ സിനിമകൾ കുറവാണെങ്കിലും ആനന്ദം ടീമിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി പിന്നീട് അഭിനയിച്ചിട്ടുണ്ട്. സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണ് അനാർക്കലിയുടെ പുതിയ സിനിമകൾ. സുലേഖ മൻസിലിൽ കേന്ദ്ര കഥാപാത്രം അനാർക്കലിയാണ്.
ബി മുതൽ 44 വരെയിൽ ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നതെന്നും പ്രത്യേകതയാണ്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ദുരുദ്ദേശ്യത്തോടെ വന്ന കോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ചും അനാർക്കലി സംസാരിച്ചു.
‘പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. മുഴുവനിരുന്ന് വായിക്കും. പുള്ളി എന്നെയൊരു ഇമേജിനറി ക്യാരക്ടറായാണ് കാണുന്നത്. ഞങ്ങൾ റിലേഷനാണെന്ന രീതിയിലാണ് പുള്ളി എന്നോട് സംസാരിക്കുന്നത്’
‘ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല’. കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തനിക്ക് വന്നിട്ടില്ലെന്ന് അനാർക്കലി പറയുന്നു. ആരും അങ്ങനെ തന്നോട് എന്തെങ്കിലും തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അതെന്താ എന്നോടാരും ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. എന്നെക്കാണുമ്പോൾ ഒരു ബോൾഡ് ഫീലിംഗാെക്കെയുണ്ടല്ലോ. അതാണോയെന്ന് അറിയില്ല.
‘പക്ഷെ അടുത്തിടെ അതുപോലൊരു അനുഭവം ഉണ്ടായി. ദുബായിലൊരു ഉദ്ഘാടനം. ഉദ്ഘാടനം കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന്. അതെന്തിന് അവിടെ തന്നെ നിൽക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ലെന്ന്’
‘എനിക്കാണെങ്കിൽ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്ന്. താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു. താൽപര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് ഞാൻ പറഞ്ഞു,’ അനാർക്കലി ചിരിച്ച് കൊണ്ട് പറഞ്ഞതിങ്ങനെ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത സിനിമയാണ് ബി മുതൽ 44 വരെ.
രമ്യ നമ്പീശനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണ് സുലേഖ മൻസിൽ. തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. അനാർക്കലി മരിയ്ക്കാറെക്കൂടാതെ ലുക്മാൻ അവറാനാണ്ണ് സുലൈഖ മൻസിലിലെ പ്രധാന കഥാപാത്രം ചെയ്യുന്നത്.
ചെമ്പൻ വിനോദ്, ശബരീഷ് വർമ, മാമുക്കോയ തുടങ്ങിയ അഭിനേതാക്കളും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. രസകരമായി സംസാരിക്കുന്ന അനാർക്കലിയുടെ അഭിമുഖങ്ങളിൽ മിക്കതും ശ്രദ്ധ നേടാറുണ്ട്. എന്നാൽ ചിലപ്പോൾ ട്രോളുകളും അനാർക്കലിക്ക് വരാറുണ്ട്. കേന്ദ്ര കഥാപാത്രമായെത്തുന്ന സുലൈഖ മൻസിൽ നടിയുടെ കരിയറിൽ വഴിത്തിരിവാകുമെന്നാണ് സിനിമാ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.