അവൻ പോയപ്പോഴാണ് ഞാൻ ഒരുപാട് കരഞ്ഞത്; ആദരാഞ്ജലികൾ ചെയ്തത് കൊണ്ട് പറ്റിയതാണോ എന്ന് ചിന്തിച്ചു: സുഷിൻ ശ്യാം
കൊച്ചി:മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് സുഷിൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹിറ്റ് ഗാനങ്ങൾ നിരവധിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളികളുടെ പ്ലേലിസ്റ്റിൽ സ്ഥിരം കാണുന്ന പേരുകളിൽ ഒന്നാകും സുഷിന്റേത്. തമിഴകത്തിന് അനിരുദ്ധ് ഉണ്ടെങ്കിൽ മലയാളത്തിൽ സുഷിൻ ഉണ്ടെന്നാണ് സംഗീത പ്രേമികൾ പറയാറുള്ളത്. ഒരു സിനിമയുടേയും അതിലെ സന്ദര്‍ഭത്തിന്റേയും മൂഡറിഞ്ഞ് പാട്ടും സംഗീതവും ഒരുക്കാന്‍ ഇന്ന് സുഷിനെ കഴിഞ്ഞേ ആരുമുള്ളൂ.
എല്ലാ മൂഡിന് അനുസരിച്ചുള്ള പാട്ടുകളും സംഗീതവും സുഷിന്റെ കയ്യിലുണ്ട്. അടുത്ത കാലത്ത് യുവാക്കൾ പാടിനടന്ന ഹിറ്റ് ഗാനങ്ങളെല്ലാം സുഷിന്റെ പിയാനോയിൽ നിന്നും പിറവി കൊണ്ടവയാണ്. അടുത്തിടെ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമയിലെ സുഷിന്റെ ഗാനങ്ങളെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. എന്നാൽ ആ സിനിമയ്ക്ക് ശേഷം ജീവിതത്തിൽ വിഷമകരമായ ഒരു ഘട്ടത്തിലൂടെ സുഷിന് കടന്നുപോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം.
വളർത്തുനായയുടെ മരണവും അതുകാരണമുണ്ടായ മാനസിക ബുദ്ധിമുട്ടിനേയും കുറിച്ചാണ് സുഷിൻ സംസാരിച്ചത്. രേഖ മേനോനുമായുള്ള അഭിമുഖത്തിൽ, പെട്ടെന്ന് കരയുന്ന ആളാണോ ഇമോഷനലാണോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുവെയാണ് സുഷിൻ ഇക്കാര്യം പറഞ്ഞത്.
‘ഞാൻ സിനിമയൊക്കെ കാണുമ്പോൾ കരയും. പണ്ട് ആണുങ്ങൾ കരയില്ലെന്ന് പറഞ്ഞിരുന്ന സാധനം എന്നെ ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. അത് കാരണം മനഃപൂർവം കരയാതെ ഇരുന്നിട്ടുണ്ട്. എന്നാലിപ്പോൾ ഞാൻ കരയാൻ ശ്രമിക്കും. അടുത്ത കാലത്ത് എനിക്ക് വളരെ പ്രയാസമുള്ള ഒരു കാര്യം നടന്നിരുന്നു. ഞങ്ങളുടെ വളർത്തുനായ മരിച്ചു. അന്നാണ് ഞാൻ കരഞ്ഞത്. അതിനുമുൻപ് കുറെ കാലം എനിക്ക് കരയാൻ പോലും പറ്റുന്നില്ലായിരുന്നു’,
‘എന്തുകൊണ്ടാണ് കരയാൻ പറ്റാത്തത് എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. ഞാൻ തെറാപ്പി കാര്യങ്ങളൊക്കെ എടുക്കുന്നുണ്ടായിരുന്നു. അപ്പോഴും ഈ കരയാൻ പറ്റുന്നില്ല എന്നത് ഞാൻ നോക്കുമായിരുന്നു. കുമ്പളങ്ങിയിലെ സജിയുടെ പോലത്തെ അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. ഇവൻ പോയതോടെ എന്റെ കുറേനാളത്തെ സാധനങ്ങൾ എല്ലാം പുറത്തേക്ക് വന്നു. അതിനു ശേഷം എനിക്ക് കരയാൻ വളരെ സുഖമാണ്’, സുഷിന് ശ്യാം പറഞ്ഞു.
‘അവൻ വന്നപ്പോഴാണ് എന്റെ ദേഷ്യമൊക്കെ ഒന്ന് കുറഞ്ഞത്. എന്നെ അൽപം ക്ഷമ പഠിപ്പിച്ചിട്ടുണ്ട്. അവന്റെ ബ്രീഡ് അങ്ങനത്തെ ആയിരുന്നു. മനുഷ്യന്മാർ നായ്ക്കളെ പഠിപ്പിക്കണം എന്നൊക്കെയാണ് സാധാരണ പറയാറുള്ളത്. എന്നാൽ ഇവൻ നേരെ തിരിച്ചായിരുന്നു. ഇവന്റെ കാര്യങ്ങൾ നമ്മൾ പഠിച്ചു. അതിനനുസരിച്ച് അഡാപ്റ്റ് ചെയ്തു. അവനനുസരിച്ച് നമ്മുടെ ജീവിതം മാറ്റി. നമ്മൾ ഫ്ലാറ്റിൽ നിന്ന് മാറി പനങ്ങാട് മറ്റൊരു സ്ഥലം കണ്ടെത്തി അങ്ങോട്ട് മാറി’,
‘അവൻ ഇടക്ക് അഗ്രസീവ് ആകും. അപ്പോൾ അധികം ആളുകൾ ഒന്നും പാടില്ല. അതുകാരണം മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറി. ഇവൻ പോയപ്പോഴാണ് ആകെ മൊത്തം ഡൗൺ ആയത്. അവന് ശേഷം മറ്റൊരാളെ കൊണ്ടുവരാനുള്ള മാനസികാവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സമയം ആകുമ്പോൾ അടുത്തൊരാളെ എടുക്കാമെന്ന് കരുതിയാണ്. രോമാഞ്ചം കഴിഞ്ഞ സമയത്താണ് ഇത് സംഭവിക്കുന്നത്. ആദരാഞ്ജലിയും ആത്മാവേ പോയും ചെയ്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നുള്ള ചിന്തകളൊക്കെ അപ്പോൾ വന്നു. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി’, സുഷിൻ ശ്യാം പറഞ്ഞു.