കുറുപ്പിന്റെ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി
കൊച്ചി:കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിൻ്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയായ കുറുപ്പിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കേസ് ഫയലിൽ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ചിത്രം സുകുമാരക്കുറുപ്പിന്റെ സ്വകാര്യതക്കുള്ള അവകാശത്തെ ഹനിക്കന്നതാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എറണാകുളം പോണേക്കര സ്വദേശി സെബിൻ തോമസ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.
കുറ്റവാളികളുടെ അവകാശങ്ങൾ സർക്കാറിൽ നിക്ഷിപ്തമാണന്നും സംരക്ഷിക്കാൻ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇന്റർപോൾ, നിർമാതാക്കളായ വെഫെയറർ ഫിലിംസ്, എം സ്റ്റാർ എന്റർപ്രൈസസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
കോവിഡ് മഹാമാരി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന പ്രമുഖ മലയാള സിനിമയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. നാളെയാണ് ചിത്രത്തിന്റെ റിലീസ്.