30 C
Kottayam
Friday, April 26, 2024

ന്യൂയോര്‍ക്കില്‍ കനത്ത പുക:മാസ്‌ക് ധരിക്കാൻ നിർദേശം,വിമാനങ്ങൾ വൈകി, കഫേകൾ അടച്ചു

Must read

ടൊറന്റൊ: കാനഡയിൽ കാട്ടുതീ പടർന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളിൽ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ എൻ-95 മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പുക പടരുന്നതിന്റെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സിൽ 500-ൽ 484 ആണ് ന്യൂയോർക്കിലെ വായു മലിനീകരണതോത്. നഗരത്തിൽ തുറന്ന വേദികളില്‍ നടത്തുന്ന പരിപാടികൾ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.. ഫിലാഡൽഫിയയിലെ വായുമലിനീകരണ തോത് ബുധനാഴ്ച രാത്രിയോടെ 429-ലെത്തിയതാണ് റിപ്പോർട്ട്.

ന്യൂയോർക്കിലേയും വടക്കുകിഴക്ക് പ്രദേശങ്ങളിലേയും അന്തരീക്ഷം കറുത്തുതുടങ്ങി എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിൽ വസിക്കുന്നവരിൽ പലർക്കും ശ്വാസ സംബന്ധിയായ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നാണ് വിവരം. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പല വിമാനങ്ങളും വൈകുന്നുണ്ട്. ചില വിമാനങ്ങൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. മൻഹാട്ടനിലെ പല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാട്ടു തീ അണക്കുന്നതിനായി അറുനൂറിലേറെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ യു.എസ്. കാനഡയിലേക്ക് അയച്ചതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പല നഗരങ്ങളിലും പുക പടർന്ന് അന്തരീക്ഷമാകെ ഓറഞ്ച് നിറമായിട്ടുണ്ട്.

ജീവനക്കാരുടേയും ഉപയോക്താക്കളുടേയും ആരോഗ്യം കണക്കിലെടുത്ത് ന്യൂയോർക്കിലെ പല റെസ്റ്റൊറന്റുകളും കഫെകളും പുറത്തുള്ള ഭക്ഷണ ശാലകൾ അടച്ചു. വേനലവധിക്കാലം ആയതു കൊണ്ട് തന്നെ അവധി ആഘോഷിക്കാൻ നിരവധി പേരാണ് ന്യൂയോർക്കിൽ എത്തുന്നത്.

കാനഡയിലെ കാട്ടു തീ കാരണം നഗരത്തിൽ പുക പടർന്നു പിടിക്കുന്നത് വ്യാപാരികളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പലരും നേരത്തെ നിശ്ചയിച്ചിരിക്കുന്ന പുറത്തുള്ള പരിപാടികൾ ഒഴിവാക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week