64 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നത് ശരിയായ വിധത്തിലല്ല! ഞെട്ടിക്കുന്ന കണക്കുകളുമായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുമ്പോര്‍ പകുതി ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ധരിക്കുന്നവരില്‍ തന്നെ അറുപത്തിനാലു ശതമാനവും ശരിയായ വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നതെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
അമ്പത് ശതമാനം പേരും ഇപ്പോഴും മാസ്‌ക് ധരിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ധരിക്കുന്നവരില്‍ 64 ശതമാനവും മുഖം മറയ്ക്കുന്ന വിധത്തിലല്ല മാസ്‌ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇരുപതു ശതമാനം പേര്‍ താടിയിലാണ് മാസ്‌ക് ധരിക്കുന്നത്. രണ്ടു ശതമാനം പേര്‍ കഴുത്തില്‍ തൂക്കിയിടുന്നു. പതിനാലു ശതമാനം പേര്‍ മാത്രമാണ് ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഒരാള്‍ ശാരീരിക അകലം പാലിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ഒരു മാസം കൊണ്ട് 406 പേരിലേക്ക് രോഗം പകര്‍ത്താനാവുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലം എന്നത് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ സോഷ്യല്‍ വാക്സിന്‍ ആണ്.
അതുപോലെ തന്നെ പ്രധാനമാണ് മാസ്‌കും. വൈറസ് ബാധയേറ്റ ആളും ഇല്ലാത്ത ആളും മാസ്‌ക് ധരിക്കാത്ത കേസുകളില്‍ രോഗപ്പകര്‍ച്ചയുണ്ടാവാനുള്ള സാധ്യത 90 ശതമാനമാണെന്നും അഗര്‍വാള്‍ വ്യക്തമാക്കി.