ലോകത്തെ അതിസമ്പന്നരില്‍ അദാനി 14ആമത്; ഏഷ്യന്‍ ധനികരില്‍ രണ്ടാമത്
ന്യൂഡല്‍ഹി: ലോകത്തിലെ അതിസമ്പന്നരില്‍ ഗൗതം അദാനി 14ആമത്. ഏഷ്യയില്‍ രണ്ടാം സ്ഥാനവും അദാനി ഗ്രൂപ്പ് തലവനായ ദൗതം അദാനിയ്ക്കാണ്. രാജ്യത്തെ അതിസമ്പന്നരിലും അദാനി രണ്ടാമതാണ്. 67.8 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് അദാനിയ്ക്കുള്ളത്. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് ആണ് കണക്ക് പുറത്തുവിട്ടത്.
ചൈനീസ് കോടിപതി ഴോങ് ഷഷാനെ മറികടന്നാണ് അദാനി ഏഷ്യന്‍ ധനികരില്‍ രണ്ടാമതെത്തിയത്. രാജ്യത്തെ ധനികരില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ്. 76.3 ബില്ല്യണ്‍ ഡോളര്‍ ആസ്തിയാണ് അംബാനിക്കുള്ളത്.
അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ എന്ന പേരില്‍ രൂപം കൊണ്ട രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പോര്‍ട്ട് ഓപ്പറേറ്ററിന്റെ തലവനാണ് അദാനി.
അദാനിയുടെ ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് ഒരുവര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി ടോട്ടല്‍ ഗ്യാസ് 1145 ശതമാനം വളര്‍ച്ചയാണ് നേടിയത്.
അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ യഥാക്രമം 827 ശതമാനവും 617 ശതമാനവും വര്‍ധിച്ചു. അഡാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവ യഥാക്രമം 433 ശതമാനവും 189 ശതമാനവും ലാഭം നേടി. അദാനി പവര്‍ 142 ശതമാനം വളര്‍ച്ചയാണ് നേടിയത്.