EntertainmentKeralaNewsNews

‘പഞ്ചാബിഹൗസ്’ നിർമ്മാണത്തിലെ അപാകത: ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ “പഞ്ചാബിഹൗസ് ” എന്ന വീടിന്‍റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി.

വീടിന്‍റെ പണി പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്തു. പി കെ ടൈൽസ് സെന്‍റർ, കേരള എ ജി എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് ടൈൽസ് വാങ്ങിയത്. എൻ എസ് മാർബിൾ വർക്സിന്‍റെ ഉടമ പയസിന്‍റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നത് അടക്കമുള്ള നിലപാടാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. എന്നാൽ ഇൻവോയ്‌സും വാറന്‍റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവൃത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. 

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപ്പെട്ടു. കെട്ടുപിണഞ്ഞതും സങ്കീർണ്ണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയിൽ നിന്ന്  വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പരാതിക്കാരനുണ്ടായ  കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641 രൂപ നൽകണം.  കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും  കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാൻ കോടതി നിർദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി ജെ ലക്മണ അയ്യർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker