ചുരളിയിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫേക്ക് ഐ ഡികളിൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്; ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്; ഹരീഷ് പേരടിയുടെ വാക്കുകൾ വൈറൽ!
കൊച്ചി:മലയാളത്തിലും തമിഴകത്തും ഒരുപോലെ ക്യാരക്ടര്‍ റോളുകളില്‍ മികവ് കാട്ടുന്ന നടനാണ് ഹരീഷ് പേരടി. നാടകത്തിന്റെ ഉള്‍ക്കരുത്തുമായി വെള്ളിത്തിരയിലെത്തിയ ഹരീഷ് പേരടി തമിഴകത്ത് സജീവമാണ്. മെഴ്‍സല്‍ അടക്കമുള്ള തമിഴ് ചിത്രങ്ങളിലുടെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി.
മലയാളികൾക്ക് ഇന്ന് ഹരീഷ് ഒരു നടൻ എന്നതിലുപരി വ്യക്തിയായി തന്നെ അടുത്തറിയാം. സോഷ്യൽ മീഡിയയിൽ സജീവമായ ഹരീഷിന്റെ വാക്കുകൾ പലതും വൈറലായി മാറാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ സിനിമാ ഗ്രൂപ്പുകളിൽ സജീവ ചർച്ചയായ ചുരുളി സിനിമയെ കുറിച്ച് നടൻ കുറിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഹരീഷ് പങ്കിട്ട പോസ്റ്റിന്റെ പൂർണ്ണരൂപം , “ചുരളി ഒരു സ്വപ്ന ലോകമല്ല നമ്മൾ ജീവിക്കുന്ന യഥാർത്ഥ ജീവിതമാണ് …നിയമം നടപ്പിലാക്കേണ്ടവർ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്,അവരുടെ ആ ക്രിമിനൽ ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്…ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും നിങ്ങൾക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ കണ്ടുപിടിക്കാൻ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ്…
ചുരളിയിൽ എത്തിപ്പെട്ട എല്ലാ മനുഷ്യരും Fake Id കളിൽ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേർത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാൻ ശ്രമിക്കുന്നത്…നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിൽ അവനവന് ഇഷ്ടപെടാത്ത അഭിപ്രായങ്ങൾ പറയുന്ന മനുഷ്യരെ അപമാനിക്കാൻ ഉപയോഗിക്കുന്ന അതേ ഭാഷ…നിരന്തരമായ ഉപയോഗം മൂലം അവർ പോലും അറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്ക് …പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാൻ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തിൽ കടന്നുവരാൻ പറ്റും എന്ന ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമ…
ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങൾ നഷ്ടപ്പെട്ട വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാത്ത മനുഷ്യരായി കഥാപാത്രങ്ങൾ മാറുമ്പോൾ അത് ക്ലൈമാക്സല്ല…അത് അതിഭീകരമായ ഒരു തുടർച്ചയെ ഓർമ്മപെടുത്തുകയാണ്…ഫാസിറ്റ്പാലം കടക്കുന്നത് വരെ നാരായണ..അത് കഴിഞ്ഞാൽ കൂരായാണ എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോക സിനിമയിൽ തന്നെ അപൂർവ്വം..ഈ പോസ്റ്റിന്റെ അഭിപ്രായപെട്ടിയിൽ പോലും ചുരളി നിവാസികൾ കടന്നു വരും ജാഗ്രതൈ…ലിജോ നിങ്ങൾ യഥാർത്ഥ കലാകാരനാണ്…ആശംസകൾ.എന്നവസാനിക്കുന്നു കുറിപ്പ്.