30.6 C
Kottayam
Saturday, April 20, 2024

‘ഇന്ന് പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അന്ന് എതിർത്തവർ’ജി. സുധാകരന്‍ ചെയ്തത് ജനപ്രതിനിധിയുടെ കടമ,മറുപടിയുമായി എച്ച്.സലാം

Must read

ആലപ്പുഴ : : ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമില്ല. ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരിഭവമുന്നയിച്ച മുൻ എംപി കെ സി വേണുഗോപാലിനും മുൻ എംഎൽഎ ജി സുധാകരനും എച്ച് സലാം എംഎൽഎ ഉദ്ഘാടന വേളയിൽ മറുപടി നൽകി. 

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരിട്ടും ഫേസ് ബുക്കിലൂടെയും വിവാദങ്ങൾ ഉണ്ടാക്കിയത്  ബോധപൂർവമായ നടപടിയാണെന്ന് എച്ച് സലാം എംഎൽഎ തുറന്നടിച്ചു. ആലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക് മെഡിക്കൽ കോളേജ് മാറ്റിയപ്പോൾ വലിയ എതിർപ്പുയർന്നിരുന്നു. ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ അന്നതിനെ എതിർത്തവരാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദവും വാർത്തകളുമുണ്ടാകുന്നത് സ്വാഭാവികമായല്ലെന്നും മനപൂർവ്വം സൃഷ്ടിച്ചതാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

സിപിഎം എംഎൽഎയായിരുന്ന ജി സുധാകരനും കോൺഗ്രസ് എംപിയായിരുന്ന കെസി വേണുഗോപാലും തങ്ങളാലാവുന്നത് ആശുപത്രിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. അത് അന്നത്തെ ജനപ്രതിനിധിയെന്ന നിലയിലെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ഓരോ കാലത്തും ചുമതലപ്പെട്ടവർ അവരിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കുക എന്നതാണ് പ്രധാനം. അതിനാണ് ജനം വോട്ട് ചെയ്ത് ജനപ്രതിനിധികളാക്കിയത്. 2016 ൽ ജെപി നദ്ദ നിർമാണ ഉദ്ഘാടനം നടത്തിയപ്പാൾ മുൻ എംഎൽഎമാരെയോ മുൻ എംപിമാരെ വിളിച്ചിരുന്നില്ലെന്നും വിവാദങ്ങളുണ്ടാക്കിയത് മോശമായിപ്പോയെന്നു അദ്ദേഹം തുറന്നടിച്ചു. 

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉൽഘാടനം ചെയ്യാനിരിക്കേയാണ് രാഷ്ട്രീയ വിവാദങ്ങൾ തലപൊക്കിയത്. കെ സി വേണുഗോപാൽ എംപിയേയും മുൻ മന്ത്രി ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിനിധികളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. 

തന്നെ ക്ഷണിക്കാത്തതിനെതിരെ പരസ്യമായി പ്രതികരിച്ച് ജി സുധാകരൻ ഇന്നലെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് താനെന്നായിരുന്നു സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരൻ വിമർശിച്ചു. 

ഉദ്ഘാടനത്തില്‍ നിന്ന് കെ സി വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നും പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണെന്നുമായിരുന്നു  കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിമർശനം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week