ഗ്ലാമറസ് ലുക്കിൽ ആരാധ്യ ദേവി; ത്രസിപ്പിക്കാൻ രാം ഗോപാൽ വർമ്മ ചിത്രം, സാരി ടീസർ എത്തി
ഹൈദരാബാദ്:ഏതാനും മാസങ്ങൾക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ട്രോളുകളും പരിഹാസങ്ങളും ഇരുവർക്കുമെതിരെ ഉയരുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്ന് അറിയിച്ച രാം ഗോപാൽ, വൈകാതെ സിനിമ പ്രഖ്യാപിക്കുകയും ചെയ്തു. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ സാരിയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.
രാം ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ചിത്രമാണ് സാരി. സംവിധാനം ചെയ്തിരിക്കുന്നത് ഗിരി കൃഷ്ണ കമൽ ആണ്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
നടൻ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.
തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിആർഒ- സതീഷ് എരിയാളത്ത് – കണ്ടന്റ് ഫാക്ടറി. സിനിമ അരങ്ങേറ്റത്തിനിടെയാണ് ശ്രീലക്ഷ്മി പേര് മാറ്റിയതായി രാം ഗോപാൽ വർമ അറിയിച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക.