25.4 C
Kottayam
Thursday, April 25, 2024

പറന്നുയർന്ന ഗ്ലൈഡർ വീടിനു മുകളിൽ തകർന്നുവീണു; പൈലറ്റും 14കാരനും ഗുരുതരാവസ്ഥയിൽ- വിഡിയോ

Must read

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ മിനിറ്റുകൾക്കകം വീടിനു മുകളിൽ തകർന്നുവീണു. ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപം നടന്ന അപകടത്തിൽ പൈലറ്റിനും പതിനാലുകാരനായ യാത്രക്കാരനും അതീവ ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.50 ഓടെയായിരുന്നു സംഭവം. പട്ന സ്വദേശിയായ കുഷ് സിങ് എന്ന കുട്ടി ധൻബാദിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. അവിടെയുള്ള ഒരു ബന്ധുവാണ് സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡർ യാത്രയ്ക്കായി കുഷ് സിങ്ങിനെ കൊണ്ടുവന്നത്. പൈലറ്റിനെ കൂടാതെ ഒരാൾക്കു മാത്രം യാത്ര ചെയ്യാനാകുന്നതാണ് ഗ്ലൈഡർ. ബർവാദ എയർസ്ട്രിപ്പിൽ നിന്നു പറന്ന ഗ്ലൈഡര്‍ പെട്ടെന്നു നിയന്ത്രണം വിടുകയും 500 മീറ്റർ അകലെയുള്ള വീട്ടിലെ തൂണിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കോക്പിറ്റ് പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം.

നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്കാണ് ഗ്ലൈഡർ ഇടിച്ചുകയറിയത്. അപകടത്തിൽ തന്റെ കുടുംബത്തിലെ ആർക്കും പരുക്കില്ലെന്നും മക്കൾ രണ്ടുപേരും വീടിനകത്ത് ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായെന്നും നിലേഷ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week