ഉത്തര്‍പ്രദേശിലെ ജയിലില്‍ വെടിവയ്പ്പ്; ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ മൂന്ന് തടവുകാര്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവയ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. ചിത്രകൂട് ജില്ലാ ജയിലില്‍ വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തടവുകാരിലൊരാള്‍ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തുകയും ആക്രമണം നടത്തിയ തടവുകാരനെ പോലീസ് കൊലപ്പെടുത്തുകയുമായിരുന്നു.
പടിഞ്ഞാറന്‍ യുപിയിലെ ഗുണ്ടാത്തലവന്‍ മുകീം കാല, കിഴക്കന്‍ യുപി ഡോണായ മിറാസുദ്ദീന്‍ എന്നിവര്‍ക്ക് നേരെ വിചാരണ തടവുകാരനായ അന്‍സുല്‍ ദീക്ഷിത് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പോലീസെത്തി ദീക്ഷിതിനെ കീഴടക്കുകയായിരുന്നു. മുതിര്‍ന്ന ജയില്‍ അധികൃതര്‍ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പടിഞ്ഞാറന്‍ യുപിയിലെ പ്രദേശങ്ങള്‍ വിറപ്പിച്ചിരുന്ന കാല നിരവധി കേസുകളില്‍ പ്രതിയാണ്. കാല ജയിലില്‍ കൊല്ലപ്പെട്ടേക്കാമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മാതാവ് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.