കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. കൊവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അയല്‍വീട്ടുകാര്‍ ഈ കുട്ടികള്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’ -കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്ന് 8500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 10 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം പതിനായിരത്തില്‍ നിന്ന് താഴെ എത്തുന്നത്. 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൊവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്സിജന്‍ ലഭ്യത കൂട്ടാന്‍ എല്ലാ മാര്‍ഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.