യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കണോ എന്ന് ചോദിച്ചവരുണ്ട്, ബന്ധുക്കള്‍ പോലും വിമര്‍ശിച്ചു; കരിക്ക് താരം അനു കെ. അനിയന്‍
ലക്ഷക്കണക്കിന് ആരാധകരുള്ള ഷോര്‍ട്ട് ഫിലിം സീരീസാണ് കരിക്ക്. യൂട്യൂബിലൂടെ ജോര്‍ജ് എന്ന അനു കെ. അനിയന്‍ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ജോലി രാജിവെച്ചാണ് അനു കരിക്ക് സീരിസിലേക്ക് എത്തുന്നത്. തുടക്ക സമയത്ത് ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ തന്നോട് ചോദിച്ചവരുണ്ടെന്നു തുറന്ന് പറയുകയാണ് നടന്‍.
അടുത്ത ബന്ധുക്കളുടെ ഭാഗത്ത് നിന്നു പോലും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായി താരം പറയുന്നു. പിന്നീട് അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി തങ്ങള്‍ക്ക് മാറ്റാന്‍ പറ്റിയെന്നും അനു കെ. അനിയന്‍ പറയുന്നു. അന്ന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ പരിപാടിയെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്. അടുത്ത വീഡിയോ എന്നാണ് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയെന്നും അനു പറയുന്നു.
ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഉള്‍നാടന്‍ ഗ്രമത്തില്‍ ജനിച്ചു വളര്‍ന്ന തനിക്ക് കലോത്സവങ്ങളോട് താത്പര്യമായിരുന്നു. തന്നെ മ്യൂസിക്കും നാടകവും പഠിപ്പിക്കാന്‍ അമ്മയാണ് മുന്നോട്ടിറങ്ങിങ്ങിയത്. അന്ന് ഇവനെ കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന തരത്തില്‍ അത്ഭുതത്തോടെയാണ് പലരും നോക്കിയിരുന്നതെന്നും അനു പറയുന്നു.
കരിക്കിലേക്ക് വന്നപ്പോള്‍ ജോലി രാജി വെച്ചു. നിന്റെ ഇഷ്ടം അതാണെന്ന് നിനക്ക് ബോദ്ധ്യമുണ്ടല്ലോ, അപ്പോള്‍ പിന്നെ അതിനകത്ത് കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് അന്ന് അമ്മ തന്നോട് പറഞ്ഞതെന്നും അനു അഭിമുഖത്തില്‍ വ്യകത്മാക്കി. തന്റെ വരുമാനം ആവശ്യമുള്ള അന്നത്തെ ഘട്ടത്തില്‍ മറ്റൊരു രക്ഷിതാവും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ലെന്നും അനു കൂട്ടിച്ചേര്‍ത്തു.