പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും വാക്‌സിനെടുക്കാം
ന്യൂഡൽഹി:പതിനെട്ടിനും 44-നും ഇടയിൽ പ്രായമുള്ളവർക്ക് സർക്കാരിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാം. നേരത്തേ കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം ഓൺസൈറ്റ് രജിസ്ട്രേഷനും ഇനി ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്വകാര്യ ആശുപത്രികളും മറ്റും നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷൻ മാത്രമേ തത്കാലം അനുവദിക്കൂ. സ്വകാര്യ കേന്ദ്രങ്ങൾ, വാക്സിൻ നൽകുന്നതിന് ഒഴിവുള്ള സമയം പരസ്യപ്പെടുത്തണം.
44 വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ഓൺസൈറ്റ് രജിസ്ട്രേഷൻ മുഖേന വാക്സിൻ നൽകുന്നത് സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. ഏതുസമയത്താണ് ഓൺസൈറ്റ് രജിസ്ട്രേഷൻ അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ അതത് സർക്കാരുകൾക്ക് നിശ്ചയിക്കാം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പ്രതിരോധ കുത്തിവെപ്പ് ഓഫീസർമാർക്ക് കൃത്യമായ നിർദേശം നൽകണം.