ജസ്റ്റിന്‍ ഏറെക്കാലമായി ഗുരുതര രോഗങ്ങളുടെ പിടിയിലായിരിന്നു; ചികിത്സാ ചിലവ് ഉള്‍പ്പെടെ വഹിച്ചിരുന്നത് യേശുദാസ്, കെ.ജെ യേശുദാസിന്റെ സഹോദരന്റെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായകന്‍ യേശുദാസിന്റെ സഹോദരന്‍ കെ.ജെ ജസ്റ്റിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഉടലെടുത്തിരിന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് വളരെ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. ജസ്റ്റിന്‍ ഗുരുതരമായ രോഗങ്ങളുടെ പിടിയിലായിരുന്നുവെന്നും ഏറെ നാളായി ചികിത്സയില്‍ കഴിയുകയുമായിരുന്നുവെന്നുമാണ് പുറത്ത് വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ അത്രും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജസ്റ്റിനെന്നുമാണ് ലഭിക്കുന്ന വിവരം. ഭക്ഷണം വാങ്ങാന്‍ പുറത്തേക്ക് പോയ ജസ്റ്റിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അസുഖബാധിതനായതിനെ തുടര്‍ന്ന് ജസ്റ്റിന് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സഹോദരന്‍ കെ.ജെ. യേശുദാസാണ് ജസ്റ്റിന് താങ്ങായി മാറിയത്. എല്ലാ മാസവും കൃത്യമായി അന്‍പതിനായിരത്തോളം രൂപ അദ്ദേഹം സഹോദരന്റെ ചെലവിനായി അയച്ചു കൊടുക്കുമായിരുന്നു. ജസ്റ്റിന് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനാണ് ഉള്ളത്. മകന്റെ പഠന ചിലവും യേശുദാസ് തന്നെയാണ് വഹിച്ചിരുന്നത്. പള്ളിക്കരയില്‍ നിന്നു രണ്ടു വര്‍ഷമേ ആയുള്ളൂ ജസ്റ്റിനും കുടുംബവും കാക്കനാട് അത്താണി സെന്റ് ജോസഫ് പള്ളിയുടെ സമീപം താമസം തുടങ്ങിയിട്ട്. മൂത്ത മകന്‍ മരണപ്പെട്ടതിന് ശേഷം ജസ്റ്റിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. കൂടാതെ ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മാസം നല്ലൊരു തുക തന്നെ ചികിത്സയ്ക്കും മറ്റുമായി വേണ്ടി വന്നിരുന്നു. ഭാര്യ ജിജിയും അസുഖബാധിതയായിരിന്നു.
ഇന്നലെ വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. രാവിലെ വീട്ടില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ പോകുകയാണ് എന്ന് പറഞ്ഞ് പോയ ജസ്റ്റിന്‍ രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് തൃക്കാക്കര പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി. ഈ അന്വേഷണത്തിലാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം അറിഞ്ഞത്. ഇതോടെ തൃക്കാക്കര പോലീസ് ബന്ധുക്കളെ അറിയിച്ചു മൃതദേഹം തിരിച്ചറിയാന്‍ വേണ്ടി പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.